arjun-rescue-mission

അർജുന്  വേണ്ടിയുള്ള തിരച്ചിൽ പന്ത്രണ്ടാം ദിവസം പിന്നിടുമ്പോഴും പ്രതീക്ഷിച്ച പുരോഗതിയില്ല. ഈശ്വർ മാൽപെയുടെ നേതൃത്വത്തിൽ മല്‍സ്യ തൊഴിലാളികൾ ഗംഗാവാലി പുഴയിൽ ഇറങ്ങി നടത്തിയ തിരച്ചിലിലും ചെളിയും പാറ കഷ്ണങ്ങളും കാരണം അർജുന്‍റെ ട്രക്കിന് അടുത്തേക്ക്  എത്താനായില്ല. ട്രക്ക് പുറത്തെടുക്കാന്‍ ഡ്രഡ്ജിങ്ങ് മാത്രമാണ് പോംവഴിയെന്ന് അധികൃതര്‍. ഇനി ഏത് തരത്തിലുള്ള  തിരച്ചിലാണ് നടത്തേണ്ടതെന്ന പ്രതിസന്ധിയിലാണ് ഉത്തര കന്നഡ ഭരണ കൂടം. തിരച്ചിൽ ദുഷ്കരമാണെന്നും കൂടിയാലോചന നടത്തി പുതിയ മാർഗം തീരുമാനിക്കുമെന്നും  കാർവാർ എം എൽ എ സതീഷ് കൃഷ്ണ സെയ്ൽ പറഞ്ഞു.വിഡിയോ റിപ്പോര്‍ട്ട് കാണാം. 

അര്‍ജുനായുള്ള തിരച്ചിലില്‍ പ്രതീക്ഷിച്ച പുരോഗതിയില്ലെന്ന് മന്ത്രി എ.കെ.ശശീന്ദ്രന്‍. ആരെയും പ്രതിക്കൂട്ടില്‍ കയറ്റുന്ന ഒരു നിലപാടും സ്വീകരിക്കില്ല. ഒന്നോ രണ്ടോ ദിവസംകൊണ്ട് ദൗത്യം പൂര്‍ത്തിയാക്കാമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. നാവികസേനയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ഷിരൂരിലെത്തി. റിയര്‍ അഡ്മിറല്‍ ആര്‍.എം.രാമകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. 

ഷിരൂരിൽ മണ്ണിടിച്ചിൽ കുടുങ്ങിയ അർജുന്റെ ലോറി കരയിൽ നിന്നും 132 മീറ്റർ അകലെയാണ്. റിട്ടയേഡ് മേജർ ജനറൽ ഇന്ദ്ര ബാലന്റെ  നേതൃത്വത്തിൽ നടത്തിയ ഡ്രോൺ പരിശോധനയിലാണ് കണ്ടെത്തൽ. ട്രക്കിനുള്ളിൽ മനുഷ്യ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല. പരിശോധന റിപ്പോർട്ട് ജില്ലാ കലക്ടർക്ക് കൈമാറി. 

രണ്ടുദിവസം നീണ്ടുനിന്ന ഐബോഡ് സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തിയ ഡ്രോൺ പരിശോധനയിൽ നാല് പോയിന്റുകളാണ് കണ്ടെത്തിയത്. ഒന്നാമത്തേത് കരയിൽ നിന്ന് 165 മീറ്റർ അകലെ. രണ്ടാമത്തെത് 65മീറ്ററും മൂന്നാമത്തേത് 110 മീറ്ററും. 132 മീറ്റർ അകലെയുള്ള നാലാമത്തെ പോയിന്റിൽ ലോറി ഉണ്ടാകാനാണ് സാധ്യത കൂടുതൽ. ഡ്രൈവറുടെ ക്യാബിൻ മുകളിൽ വരുന്ന രീതിയിലാണ് ലോറിയുടെ സ്ഥാനം. മണ്ണിലും ചെളിയിലും വാഹനം പുതഞ്ഞു കിടക്കുകയാണ്. മുകൾഭാഗത്തുള്ള ക്യാബിന് കെടുപാടുകൾ ഉണ്ടായിരിക്കാം.പുഴയിലെ അടിയൊഴുക്കിൽ ക്യാബിന് സ്ഥാന ചലനമുണ്ടാകാനും സാധ്യതയുണ്ട്.  

വ്യാഴം, വെള്ളി ദിവസങ്ങളിലായി നടന്ന പരിശോധനയിൽ വാഹനത്തിനുള്ളിൽ മനുഷ്യ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ മനുഷ്യ സാന്നിധ്യം ഇല്ലെന്ന് പറയാനും കഴിയില്ല. 7 നോട്ടിന് മുകളിലാണ് ഗംഗാവലിപ്പുഴയിലെ അടിയൊഴുക്ക്. ഈ സാഹചര്യത്തിൽ മുങ്ങൽ വിദഗ്ധർക്ക് ഒരിക്കലും പുഴയിൽ ഇറങ്ങി പരിശോധന നടത്താൻ കഴിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. രക്ഷാപ്രവർത്തകരുടെ ജീവന് തന്നെ ഇത് ഭീഷണിയാകും.