ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിലില്‍ പുഴയിലെ ശക്തമായ അടിയൊഴുക്ക് വെല്ലുവിളിയുയര്‍ത്തുന്നുവെന്ന് ഡിഫൻസ് പിആർഒ കമാൻഡർ അതുൽ പിള്ള. ആഴങ്ങളിലേക്ക് പോകുന്തോറും വെള്ളത്തിന്‍റെ അടിയൊഴുക്കു കൂടുകയാണ്. കലങ്ങിമറിഞ്ഞ വെള്ളംകാരണം മുങ്ങല്‍ വിദഗ്ധര്‍ക്ക് ഒന്നും കാണാനാവുന്നില്ല. രണ്ട് മണിക്കൂര്‍ നദിയുടെ ഒഴുക്ക് അനുകൂലമായാല്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് ട്രക്കിനടുത്ത് എത്താനാകും, നേരില്‍കണ്ട് അര്‍ജുന്റെ ട്രക്ക് തന്നെയെന്ന് ഉറപ്പിക്കാവാനാകുമെന്നും അദ്ദേഹം പറഞ്ഞു.
നേവി സജീവമാണ്. മഴയില്‍ ഒഴുകിവന്ന മണ്ണും ചെളിയും കാരണം നദി കലങ്ങിയിട്ടാണ് ഒഴുകുന്നത്. വിസിബിളിറ്റി സീറോയാണ്. ഒന്നും കാണാന്‍ പറ്റുന്നില്ല. ഒരു ക്യാമറ താഴോട്ട് വിട്ടാലും ഒന്നും കിട്ടില്ല. അതുകൊണ്ട് നേരിട്ട് മുങ്ങല്‍ വിദഗ്ധര്‍ ഇറങ്ങിയാല്‍ മാത്രമേ ട്രക്കാണെന്ന് ഉറപ്പിക്കാന്‍ പറ്റൂ എന്നും അദ്ദേഹം പറയുന്നു. അതേസമയം മഴ കുറഞ്ഞതോടെ മുങ്ങല്‍ വിദഗ്ധര്‍ ബോട്ടില്‍ ഗംഗാവലിപ്പുഴയില്‍ ഇറങ്ങിയിട്ടുണ്ട്. ലോറിയില്‍ ഇരുമ്പുവടം ബന്ധിപ്പിക്കാനാണ് ശ്രമം. തിരച്ചിലിനായി രണ്ടാമത്തെ ബൂം എക്സ്കവേറ്റര്‍ സ്ഥലത്തെത്തിച്ചു. ലോറിയുള്ള സ്ഥലത്തെത്താന്‍ ചെളി നീക്കല്‍ ഇനി ഇരട്ടി വേഗത്തിലാക്കും.
ഗംഗാവലിപ്പുഴയില്‍ ലോറിയുടെ സ്ഥാനം കൃത്യമായി നിര്‍ണയിക്കാന്‍ അത്യാധുനിക ഡ്രോണ്‍ ഉപയോഗിച്ച് പരിശോധന നടത്തും. മലയാളിയായ മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍റെ നേതൃത്വത്തിലുളള ഏഴംഗ വിദ്ഗധ സംഘമാണ് ഡ്രോണ്‍ പരിശോധന നടത്തുക. ഒരു മണിയോടെ ഡ്രോണ്‍ പരിശോധന തുടങ്ങാനാകുമെന്നാണ് പ്രതീക്ഷയെന്ന് മേജര്‍ ജനറല്‍ ഇന്ദ്രബാലന്‍ പറഞ്ഞു. ഡ്രോണ്‍ വഴി അര്‍ജുന്‍റെ ലോറി കിടക്കുന്നത് എങ്ങനെയെന്ന് കൃത്യമായി അറിയാം. ഇതിനായി പുഴയോരത്ത് താല്‍ക്കാലിക കണ്‍ട്രോള്‍ റൂം സജ്ജമാക്കി. ഡ്രോണ്‍ സിഗ്നലുകള്‍ക്ക് തടസമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മൊബൈല്‍ ഫോണ്‍ അടക്കമുള്ളവയുടെ ഉപയോഗം മേഖലയില്‍ നിയന്ത്രിച്ചിട്ടുണ്ട്.
അര്‍ജുന്റെ ലോറി ഗംഗാവലിപ്പുഴയുടെ കരയില്‍ നിന്ന് ഇരുപത് മീറ്റര്‍ അകലെ, 15 അടി താഴ്ചയിലാണ്. കുത്തൊഴുക്കുള്ള പുഴയില്‍ ലോറി ഉറപ്പിച്ചുനിര്‍ത്താന്‍ നേവിയുടെ ആദ്യശ്രമം. ട്രക്കിൽ നിന്ന് അർജുനെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ദൗത്യസംഘം. ഇന്നലെ ട്രക്ക് കണ്ടെത്തിയെങ്കിലും പ്രതികൂലമായ കാലാവസ്ഥയിൽ നാവികസേനയുടെ മുങ്ങൽ വിദഗ്ധർക്ക് നദിയിലിറങ്ങി പരിശോധന നടത്താൻ സാധിച്ചില്ല. ക്യാബിനിനുള്ളിൽ അർജുൻ ഉണ്ടോ എന്ന് കണ്ടെത്തിയ ശേഷമാകും ട്രക്ക് പുറത്തെത്തിക്കുക.