Image: Instagram
പുനെയില്‍ രണ്ട് മക്കളുമായി സ്കൂട്ടറില്‍ പോയ യുവതിയെ തടഞ്ഞുനിര്‍ത്തി മുഖം ഇടിച്ച് പൊട്ടിച്ച് മധ്യവയസ്കന്‍. പഷാന്‍–ബാനെര്‍ ലിങ്ക് റോഡില്‍ ഇന്നലെയാണ് അതിക്രമം. കുട്ടികളുമായി സ്കൂട്ടറില്‍ പോകുമ്പോള്‍ കാറില്‍ പിന്തുടര്‍ന്നയാളാണ് ആക്രമിച്ചതെന്ന് യുവതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വിഡിയോയില്‍ പറയുന്നു. കാറിന് മുന്നില്‍പ്പെടാതിരിക്കാന്‍ സ്കൂട്ടര്‍ റോഡിന്‍റെ ഇടതുവശത്ത് ഒതുക്കിയെങ്കിലും ഓവര്‍ടേക്ക് ചെയ്ത് സ്കൂട്ടറിന് മുന്നില്‍ നിര്‍ത്തിശേഷം ഡ്രൈവര്‍ ഇറങ്ങിവന്ന് മുടിയില്‍ പിടിച്ചുവലിച്ച് മൂക്കില്‍ ആഞ്ഞിടിക്കുകയായിരുന്നു. മുഖത്തുനിന്ന് കുടുകുടെ ചോരയൊലിപ്പിച്ചുനില്‍ക്കുന്ന അവസ്ഥയിലാണ് വിഡിയോയില്‍ യുവതി.
കാറില്‍ അക്രമിയുടെ ഭാര്യയും ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ ഒരക്ഷരം മിണ്ടിയില്ലെന്ന് ആക്രമണത്തിനിരയായ ജെര്‍ലിന്‍ ഡിസൂസയുടെ അമ്മാവന്‍ വിശാല്‍ പൊലീസിനോട് പറഞ്ഞു. പൊലീസുകാരും അതുവഴി വന്ന മറ്റൊരു സ്ത്രീയും ചേര്‍ന്നാണ് ജെര്‍ലിനെ ആശുപത്രിയില്‍ എത്തിച്ചത്. കുട്ടികള്‍ക്ക് മര്‍ദനമേറ്റില്ലെങ്കിലും അമ്മയെ ക്രൂരമായി മര്‍ദിക്കുന്നതുകണ്ട അവര്‍ ഭയചകിതരാണെന്ന് വിശാല്‍ പറഞ്ഞു. ആക്രമണം നടത്തിയ സ്വപ്നില്‍ കെക്രെയെയും ഭാര്യയെയും ചതുര്‍ശൃംഗി പൊലീസ് സ്റ്റേഷനിലെത്തിച്ച് കേസെടുത്തു.
കൃത്യം രണ്ടുമാസം മുന്‍പാണ് പുനെയില്‍ പതിനേഴുകാരന്‍ മദ്യലഹരിയില്‍ ആഡംബരക്കാര്‍ ഇടിച്ചുകയറ്റി 24 വയസുള്ള രണ്ട് ഐടി ജീവനക്കാരെ കൊലപ്പെടുത്തിയത്. ഈയാഴ്ച ഇവിടെത്തന്നെ ഭരണകക്ഷി നേതാവിന്‍റെ മകന്‍ മദ്യലഹരിയില്‍ ഓടിച്ച എസ്.യു.വി പൗള്‍ട്രി ട്രക്കിലിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ഇവര്‍ക്കെതിരെ കേസെടുത്തെങ്കിലും നടപടികള്‍ അട്ടിമറിക്കാന്‍ ഉണ്ടായ രാഷ്ട്രീയ ഇടപെടലുകള്‍ വന്‍വിമര്‍ശനത്തിന് വഴിവച്ചിരുന്നു.