mumba-rain-death

TOPICS COVERED

മുംബൈയില്‍ കനത്ത മഴയെത്തുടര്‍ന്ന് കെട്ടിടത്തിന്‍റെ മുന്‍ഭാഗം തകര്‍ന്നുവീണ് 70കാരി മരിച്ചു. മുംബൈയിലെ ഗ്രാന്‍റ് റോഡിലായിരുന്നു അപകടം. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരുക്കേറ്റതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അപകടം നടക്കുന്ന സമയത്ത് കെട്ടിടത്തിനകത്ത് 40ഓളം ആളുകളുണ്ടായിരുന്നെന്നും ഇവരെയെല്ലാം സുരക്ഷിതമായി ഒഴിപ്പിച്ചിട്ടുണ്ടെന്നും ബ്രിഹൻമുംബൈ മുന്‍സിപ്പൽ കോർപ്പറേഷൻ അറിയിച്ചു.

നാലുനിലകളുളള റുബിനിസ മൻസിൽ കെട്ടിടത്തിന്റെ രണ്ടും മൂന്നും നിലകളുടെ ഭാഗങ്ങളും ബാൽക്കണിയുമാണ് ഇന്ന് രാവിലെ തകർന്നുവീണത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. അപകടം നടന്നതിന് പിന്നാലെ അഗ്‌നിശമന സേനയും പൊലീസും പ്രദേശവാസികളും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇതിനിടെയാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പരുക്കേറ്റ മൂന്നുപേരെ അടുത്തുളള ഭാട്ടിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവര്‍ ചികില്‍സയിലാണ്.

അതേസമയം കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് സംശയിക്കുന്നതായി ബിഎംസി ഡിസാസ്റ്റർ കൺട്രോൾ അറിയിച്ചു. കഴിഞ്ഞ 72 മണിക്കൂറിനുളളില്‍ മുബൈയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുകയാണ്. 

ENGLISH SUMMARY:

Mumbai rain: Balcony collapses at Grant Road, one dead, several trapped