കര്‍ണാടക ഉത്തര കന്നഡ ജില്ലയിലെ അങ്കോല താലൂക്കില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചില്‍ ദുരന്തത്തില്‍ മരണസംഖ്യ ഉയരുന്നു . ഇതുവരെ ഏഴ് മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. മലയാളി ലോറി ഡ്രൈവര്‍ അര്‍ജുന്‍ അടക്കം 15 പേരാണ് കുടുങ്ങിക്കിടക്കുന്നത്.
മണ്ണിടിച്ചിലുണ്ടായി നാലാം ദിവസത്തിലേക്കു കടന്നപ്പോഴും തിരിച്ചില്‍ അതീവ ദുഷ്കരമായി തുടരുകയാണ്. അര്‍ജുന്‍റെ ലോറിക്കായി പുഴയില്‍ നടത്തിയ തിരച്ചില്‍ കഴിഞ്ഞു. നദിയുടെ അടിത്തട്ടില്‍ ലോറിയില്ലെന്ന് മുങ്ങല്‍ വിദഗ്ധര്‍ പറഞ്ഞു. നേവിയും എന്‍ഡിആര്‍എഫും പ്രദേശത്ത് മെറ്റല്‍ ഡിറ്റക്ടര്‍ ഉപയോഗിച്ച് തിരച്ചില്‍ തുടങ്ങി. സിഗ്നല്‍ ലഭിച്ച സ്ഥലത്തെ മണ്ണ് കുഴിച്ചുനോക്കും. രാത്രിയില്‍ ലഭിച്ച ജിപിഎസ് സിഗ്നല്‍ ഭാരത് ബെന്‍സില്‍ നിന്ന് വാങ്ങും. രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമെന്ന് ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് അറിയിച്ചു. ഇന്നും ഫോണ്‍ റിങ് ചെയ്തെന്ന് ഭാര്യ പറഞ്ഞു. അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഗംഗാവതി പുഴ നിറഞ്ഞൊഴുകിയതും കനത്തമഴ തുടരുന്നതുമാണ് രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി. എന്‍ഡിആര്‍എഫും പൊലീസുമാണ് രക്ഷാ ദൗത്യത്തില്‍ ഉള്ളത്. മണ്ണുമാന്തിയന്ത്രം കൊണ്ട് മണ്ണ് നീക്കം ചെയ്യുന്ന നടപടി താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. മൂന്നുദിവത്തെ തിരച്ചിലിനിടെയാണ് ഏഴു മൃതദേഹങ്ങള്‍ കണ്ടെടുത്തത്. സ്ഥലത്ത് ഹോട്ടല്‍ നടത്തിയിരുന്ന കുടുംബത്തിലെ അഞ്ചുപേരാണ് മരിച്ചത്.
തമിഴ്നാട്ടില്‍നിന്നെത്തിയ രണ്ട് ലോറി തൊഴിലാളികളും മരിച്ചു. തീരദേശ കര്‍ണാടകയില്‍ കഴിഞ്ഞ 5 ദിവസമായി ശക്തമായ മഴയാണ് പെയ്യുന്നത്. ഗോവയിലെ നാവിക സേനാ കേന്ദ്രത്തില്‍ നിന്ന് ഹെലികോപ്റ്ററുകള്‍ എത്തിച്ച് തിരച്ചില്‍ പുനഃരാരംഭിക്കാനാണ് തീരുമാനം. ഇതിനായി ദക്ഷിണ കന്നഡ ജില്ലാ ഭരണകൂടം ശ്രമങ്ങള്‍ തുടങ്ങി. അതേ സമയം മുക്കം സ്വദേശിയായ ലോറി ഡ്രൈവര്‍ അര്‍ജുന്‍ അകപ്പെട്ടുവെന്ന് കരുതുന്ന പ്രദേശത്തെ മണ്ണ് നീക്കുന്നത് മന്ദഗതിയിലായി. മണ്ണ് പ്രദേശത്തു നിന്ന് ലോറിയില്‍ എടുത്തു മാറ്റിയുള്ള തിരിച്ചിലാണു കനത്ത മഴയെ തുടര്‍ന്നു മന്ദഗതിയിലായത്. മൂന്നുദിവസമായി റോഡില്‍ പതിച്ച മണ്ണിന്റെ പകുതി പോലും നീക്കിയിട്ടില്ലെന്നാണു ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങള്‍ പറയുന്നത്.
മണ്ണിടിച്ചിലുണ്ടായ ഭാഗത്താണ് സ്ഥിരം ലോറി നിർത്തി വിശ്രമിക്കുന്നതെന്ന് അര്‍ജുന്റെ സഹ ഡ്രൈവർ സമീർ പറയുന്നു. അർജുനുമായി അവസാനം ഫോണിൽ സംസാരിച്ചപ്പോൾ കനത്ത മഴയുണ്ടെന്ന് പറഞ്ഞിരുന്നുവെന്നും സമീർ മനോരമ ന്യൂസിനോട് പറഞ്ഞു.
പ്രതീക്ഷയോടെ...
ആശങ്കയുണ്ടെങ്കിലും ശുഭവാർത്ത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അർജുന്റെ കുടുംബം. പരാതി നൽകിയ ചൊവ്വാഴ്ച തന്നെ രക്ഷപ്രവർത്തനം കാര്യക്ഷമമായിരുന്നെങ്കിൽ ഈ ആശങ്ക ഒഴിവാകുമായിരുന്നുവെന്നും അർജുന്റെ അമ്മ ഷീല മനോരമ ന്യൂസിനോട് പറഞ്ഞു. കുടുംബത്തിന് എല്ലാ സഹായവും മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പു നൽകി.
എട്ടാം തിയതിയാണ് അർജുൻ കോഴിക്കോട് നിന്ന് മരമെടുക്കാൻ പോയത്. 16-ാം തിയതി പുലർച്ചെ വരെ ഭാര്യയോടും അമ്മയോടും സംസാരിച്ചു. പിന്നീട് ഫോണിൽ വിളിച്ചെങ്കിലും കിട്ടിയില്ല. മണ്ണിടിച്ചിൽ വാർത്ത കൂടി പുറത്ത് വന്നതോടെ ആശങ്കയിലായി . ഇതോടെ ബന്ധുകൾ കർണാടകയിലേക്ക് പുറപ്പെട്ടു. എന്നാൽ അർജുനെ കാണാനില്ലെന്ന് പരാതി നൽകിയെങ്കിലും രക്ഷാപ്രവർത്തനം സാധ്യമല്ലെന്ന് കർണാടക പൊലീസ് അറിയിച്ചു.
രക്ഷപ്രവർത്തനം ഇപ്പോഴും കാര്യക്ഷമമല്ലെന്നാണ് സംഭവ സ്ഥലത്തുള്ള ലോറി ഉടമയും പറയുന്നത് . അർജുനെ കുറിച്ച് വിവരം ഇല്ലാതെയായിട്ട് നാല് ദിവസമായി. ഇത്രയൊക്കെ ഇടപെടൽ ഉണ്ടായി എന്ന് പറയുമ്പോഴും കർണാടക സർക്കാർ കൃത്യമായി ഇടപെടൽ നടത്തുന്നില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. എം കെ രാഘവൻ എം പി, തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ എന്നിവരും കുടുംബത്തെ സന്ദർശിച്ചു