Puja-Khedkars-Mother-Faces-AttemptTo-Murder

TOPICS COVERED

വിവാദ ഐ.എ.എസ് ട്രെയ്നി പൂജ ഖേദ്കറിന്‍റെ അമ്മ മനോരമ ഖേദ്കറിനെ പൊലീസ് അറസ്റ്റ് ചെയ്തു.കര്‍ഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് അറസ്റ്റ്. അനധികൃതമായി തോക്ക് കൈവശം വെച്ചതിനും ഭീഷണിപ്പെടുത്തിയതിനുമാണ് കേസ്. റായ്ഗഡിലെ ലോഡ്ജില്‍ നിന്ന് വ്യാഴാഴ്ച രാവിലെ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്ന് പൂണെ റൂറല്‍ എസ്.പി പങ്കജ് ദേശ്മുഖ് അറിയിച്ചു.

പൂനെയിലെ മുല്‍ഷി ഗ്രാമത്തില്‍ ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട വാക്കേറ്റത്തിനിടെയാണ് മനോരമ കര്‍ഷകര്‍ക്കു നേരെ തോക്കു ചൂണ്ടിയത്.സംഭവത്തിന്‍റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഒരു വര്‍ഷം മുന്‍പ് നടന്ന സംഭവമാണെങ്കിലും പൊലീസ് കേസെടുക്കുകയായിരുന്നു.വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെടുന്ന കര്‍ഷകനെയും മനോരമയെയും വിഡിയോയില്‍ വ്യക്തമായി കാണാമായിരുന്നു.

മനോരമയുടെ ഭര്‍ത്താവ് ദിലീപ് ഖേദ്കറിനെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.എന്നാല്‍ ഇയാളെ കസ്റ്റഡിയിലെടുത്തിട്ടില്ല.പലതവണ വകുപ്പുതല നടപടികള്‍ക്ക് വിധേയനായ ഉദ്യോഗസ്ഥനാണ് ദിലീപ് ഖേദ്കര്‍.

പൂജ ഖേദ്കറിനെതിരായ ആരോപണങ്ങള്‍ ശക്തമായതിനിടെയാണ് മനോരമ കര്‍ഷകര്‍ക്ക് നേരെ തോക്ക് ചൂണ്ടുന്ന വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്.

2023 ബാച്ച് ഐഎഎസ് ട്രെയിനിയായ പൂജ കാഴ്ചപരിമിതി ഉണ്ടെന്ന് അവകാശപ്പെട്ട് യുപിഎസ്‌സിക്ക് വ്യാജ സർട്ടിഫിക്കറ്റ് നൽകിയയെന്ന കേസിൽ അന്വേഷണം നേരിടുകയാണ്. ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ സാധുത ഉൾപ്പെടെ കേന്ദ്ര പഴ്സനൽ മന്ത്രാലയം അന്വേഷിക്കുന്നുണ്ട്.സിവിൽ സർവ്വീസ് പരീക്ഷയിൽ 841 റാങ്ക് നേടിയാണ് പൂജ സർവ്വീസിൽ എത്തിയത്.വ്യാജ സര്‍ട്ടിഫിക്കറ്റ് സംശയത്തെ തുടർന്ന് പൂജയെ, മസൂറിയിലെ ലാൽ ബഹദൂർ ശാസ്ത്രി നാഷണൽ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷനിലേക്ക് മടക്കി വിളിച്ചിരുന്നു

പൂനെയില്‍ പോസ്റ്റ് ചെയ്യുന്നതിനിടെ പ്രത്യേക ഓഫിസും, ഔദ്യോഗിക കാറും, വീടും  ആവശ്യപ്പെട്ടുവെന്നും സ്വകാര്യ കാറില്‍ അനധികൃതമായി ബീക്കണ്‍ ഘടിപ്പിച്ചുവെന്നും ഇവര്‍ക്കെതിരെ ആരോപണമുയര്‍ന്നിരുന്നു. കലക്ട്രേറ്റിലെ ഉദ്യോഗസ്ഥനോട് ധാര്‍ഷ്ട്യത്തോടെ സംസാരിച്ചതിന്‍റെ വാട്സാപ്പ് ചാറ്റുകളും പുറത്തുവന്നിരുന്നു. ചാറ്റുകളടക്കം ചൂണ്ടിക്കാട്ടി വാഷിം കലക്ടര്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

ENGLISH SUMMARY:

Puja Khedkar's Mother Faces Attempt To Murder Charge Over Viral Gun Video