ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ് മുഖ്യപ്രതി പ്രതാപൻറെ ദുരൂഹ ക്രിപ്റ്റോ കറൻസി ഇടപാടുകളുടെ നിർണായക വിവരങ്ങൾ ശേഖരിച്ച് ഇഡി. മുംബൈയിൽ നിന്നെത്തിയ ഇക്കണോമിക് ഫൊറൻസിക് സംഘത്തിൻറെ നേതൃത്വത്തിലാണ് സങ്കീർണമായ വിവരശേഖരണം ഇഡി നടത്തിയത്. പ്രതാപൻറെ അറസ്റ്റിന് പിന്നാലെ വിവിധ ജില്ലകളിൽ പൊലീസ് കുടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു.
നിക്ഷേപകരിൽ നിന്ന് സമാഹരിച്ച കോടികൾ പ്രതാപനം കൂട്ടരും അവരുടെ സ്വകാര്യ ക്രിപ്റ്റോ വോലറ്റുകളിലേക്ക് മാറ്റിയെന്ന് ഇഡി കണ്ടെത്തിയിരുന്നു. പ്രതാപന്റെയും കമ്പനിയുടെയും പേരിൽ 11 ക്രിപ്റ്റോ വാലറ്റുകളാണുണ്ടായിരുന്നത്. പ്രമുഖ ക്രിപ്റ്റോ കറൻസി എക്സ്ചേഞ്ച് "ബിനാൻസിലെ" മൂന്ന് അക്കൗണ്ടുകളിലേക്കും നിക്ഷേപമെത്തിയതായി ഇഡി കണ്ടെത്തിയിരുന്നു. എന്നാൽ വോലറ്റുകളുടെ പാസ് വേഡുകൾ അടക്കമുള്ള വിവരങ്ങൾ കൈമാറാൻ പ്രതാപൻ തയാറായിരുന്നില്ല. ഈ ഇടപാടുകളിലെ നിർണായക വിവരങ്ങളാണ് ഇഡി ഫൊറൻസിക് സംഘത്തിൻറെ സഹായത്തോടെ ശേഖരിച്ചത്. ഈ വിവരങ്ങൾ ശേഖരിച്ച ശേഷം പ്രതാപനെ കസ്റ്റഡിയിൽ വിശദമായി ചോദ്യം ചെയ്തു. ക്രിപ്റ്റോ ഇടപാടുകളുടെ ബുദ്ധികേന്ദ്രങ്ങളായ ചെയ്യലിൽ കൂട്ടുപ്രതികളിലേക്ക് നീളുന്ന നിർണായക വിവരങ്ങളും പ്രതാപൻ ഇഡിയോട് പങ്കുവെച്ചു. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ഇഡിയുടെ തുടർ നടപടികൾ. സംസ്ഥാനത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയ കേസിൽ ഒടുവിൽ പൊലീസിനും മനംമാറ്റം. ജൂലൈ നാലിന് പ്രതാപനെ ഇഡി രജിസ്റ്റർ ചെയ്തതിന് ശേഷം തൊട്ടടുത്ത ദിവസങ്ങളിൽ ശ്രീകാര്യം. തലശേരി, പാവറട്ടി സ്റ്റേഷനുകളിൽ പ്രതാപൻ ഭാര്യ ശ്രീന എന്നിവർക്കെതിരെ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തത്. ഹൈറിച്ച് ഓൺലൈൻ ഷോപ്പി, ഒടിടി എന്നീ പേരുകളിൽ അഞ്ച് പരാതിക്കാരിൽ നിന്ന് തട്ടിയത് ഒന്നേക്കാൽ കോടിയിലേറെ രൂപ. ശ്രീകാര്യത്ത് രജിസ്റ്റർ ചെയ്ത കേസിൽ പരാതിക്കാരന് നഷ്ടപ്പെട്ടത് അറുപത് ലക്ഷം രൂപയാണ്. ആയിരകണക്കിന് ആളുകളിൽ നിന്നാണ് പ്രതാപനും സംഘവും ഇത്തരതത്തിൽ പണം തട്ടിയത്. പരാതി ഉന്നയിക്കുന്നവരെ ഭീഷണിപ്പെടുത്താനും വാഗ്ദാനം നൽകി പിന്തിരിപ്പിക്കാനും ലീഡർമാരുടെ വലിയ സംഘം തന്നെ പ്രവർത്തിച്ചിരുന്നു. ഇഡി നടപടി കടുപ്പിച്ചതോടെയാണ് കുടുതൽ നിക്ഷേപകരും പരാതിയുമായി രംഗതെത്തുന്നത്.