iastrainee

വിവാദ ഐഎഎസ് ട്രെയിനി ഓഫീസര്‍ പൂജ ഖേദ്‌കര്‍ക്കെതിരായി വീണ്ടും  പുതിയ ആരോപണങ്ങള്‍. ഇവര്‍ക്കെതിരായ ചില പരാതികളില്‍  നവിമുംബൈ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.  ഭിന്നശേഷിക്കാരുടെയും മറ്റ് പിന്നാക്കവിഭാഗക്കാരുടെയും ആനുകൂല്യങ്ങള്‍ക്കായുള്ള ക്വാട്ട ദുരുപയോഗം ചെയ്തെന്ന ആരോപണത്തിനു പിന്നാലെ വീണ്ടും ഓഫീസര്‍ കുരുക്കിലാകുന്നതായാണ് സൂചന. ഇപ്പോള്‍ മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രാലയത്തിനു നവിമുംബൈ പൊലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മോഷണക്കേസില്‍ അറസ്റ്റിലായ ബന്ധുവിനെ വിടണമെന്ന് പൂജ പൊലീസിനോട് ആവശ്യപ്പെട്ടതായി വ്യക്തമാക്കുന്നു. 

മെയ് 18നാണ് പൂജ ഡപ്യൂട്ടി പൊലീസ് കമ്മീഷണറെ വിളിച്ച് സ്റ്റീല്‍ മോഷണക്കേസിലെ പ്രതി നിരപരാധിയാണെന്നും അയാളെ വെറുതെവിടണമെന്നും ആവശ്യപ്പെട്ടത്. ഈശ്വര്‍ ഉത്തര്‍വാദെ എന്ന പേരുള്ള വ്യക്തിയെയാണ് പൂജ രക്ഷിക്കാന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. താന്‍ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥയാണെന്ന് പറഞ്ഞാണ് പൊലീസ് ഓഫീസറെ വിളിച്ചത്. എന്നാല്‍ കൃത്യമായി ആരെന്നോ എന്തെന്നോ വെളിപ്പെടുത്താത്തതിനാല്‍ ഈ പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ തന്നെ നിര്‍ത്തുകയായിരുന്നു. 

2023 ബാച്ച് ഉദ്യോഗസ്ഥയായ പൂജ ഖേദ്‌കര്‍നെ പൂനെയിലാണ് അസിസ്റ്റന്റ് കലക്ടറായി നിയമിച്ചത്. ഭിന്നശേഷിക്കാരുടെ ആനുകൂല്യങ്ങളും ഒബിസി ക്വാട്ടയും ദുരുപയോഗം ചെയ്തോ എന്ന് പരിശോധിക്കാനായി കേന്ദ്രം ഏകാംഗസമിതിയെ നിയമിച്ചിരുന്നു. രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. യുപിഎസ്‌സിക്ക് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കാഴ്ചാവൈകല്യവും മാനസിക വെല്ലുവിളിയും നേരിടുന്നതായി കാണിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റാണ് ഹാജരാക്കിയത്. എന്നാല്‍ ഭിന്നശേഷി സ്ഥിരീകരിക്കാന്‍ പരിശോധനക്ക് ഹാജരാവാന്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും പൂജ ഹാജരായില്ല. 

സ്വകാര്യകാറില്‍ ബീക്കണ്‍ ഘടിപ്പിച്ചതിനും സര്‍ക്കാര്‍മുദ്ര പതിപ്പിച്ചതിനും കലക്ടറുടെ ഓഫീസില്‍ അതിക്രമിച്ചു കയറിയതിനും പൂജയെ സ്ഥലം മാറ്റിയിരുന്നു. അസിസ്റ്റന്റ് കലക്ടറായി ചുമതലയേല്‍ക്കും മുന്‍പ് ജില്ലാ കലക്ടറോട് പ്രത്യേക വീടും കാറും ആവശ്യപ്പെട്ടതായുള്ള ആരോപണങ്ങളും പൂജക്കെതിരെ നിലനില്‍ക്കുന്നുണ്ട്. 

New charge against IAS Officer Puja Khedkar:

There is a new charge agianst IAS Officer Puja Khedkar, that she wanted to cops release theft accused family member