TOPICS COVERED

ഹ്രസ്വകാല സേവനത്തിനുശേഷം സൈന്യത്തിൽനിന്ന് വിരമിക്കുന്ന അഗ്നിവീറുകൾക്ക് അർധസേനകളിൽ സംവരണവും ഇളവുകളും പ്രഖ്യാപിച്ച് സേനാ മേധാവികൾ. CISF, BSF, RPF, SSB, CRPF എന്നിവയിൽ 10% സംവരണമാണ് അഗ്നിവീറുകൾക്ക് ലഭിക്കുക. കോൺസ്റ്റബിൾ തസ്തികയിലടക്കം സംവരണമുണ്ടാകുമെന്ന് സേനാ മേധാവികൾ വ്യക്തമാക്കി. 

2022 ജൂണിൽ പ്രഖ്യാപിച്ച തീരുമാനമെങ്കിലും അഗ്നിവീർ പദ്ധതിക്കെതിരെ വിമർശനം ശക്തമാകുന്നതിനിടെയാണ് വിരമിക്കുന്ന അഗ്നിവീറുകൾക്ക് സംവരണം അനുവദിക്കുമെന്ന് സേനാമേധാവികൾ ആവർത്തിക്കുന്നത്. സംവരണം അനുവദിക്കുന്നതിനൊപ്പം പരിശീലന കാലയളവിലും സേനയിൽ ചേരുന്നതിനുള്ള പ്രായ നിബന്ധനകളിലും ഇളവുണ്ടാകും. ആദ്യ ബാച്ചിന് അഞ്ചും തുടർന്നുള്ളവയ്ക്ക് മൂന്നും വർഷം ഇളവ് ലഭിക്കും. കര, നാവിക, വ്യോമസേനകളിൽ നാല് വർഷത്തേക്കാണ് അഗ്നിപഥ് പദ്ധതി. സേവനകാലയളവിനുശേഷം അഗ്നിവീർ സേനാംഗങ്ങളിൽ 25 ശതമാനത്തെ സേന നിലനിർത്തും. ബാക്കിയുള്ളവരെ ഒഴിവാക്കും. ഇത് വ്യാപക തൊഴിലില്ലായ്മയ്ക്ക്‌ വഴിയൊരുക്കുമെന്ന ആരോപണവുമായി പ്രതിപക്ഷകക്ഷികൾ രംഗത്തിറങ്ങിയ വേളയിലാണ് പരിഹാരമെന്ന നിലയിൽ അർധസേനകളിൽ സംവരണം അനുവദിച്ചത്. സ്ഥിരമാക്കുന്ന അഗ്നിവീറുകളുടെ എണ്ണം 25 ശതമാനത്തിൽനിന്ന് 50 ശതമാനമാക്കുന്നതിൽ ആലോചനയുണ്ടായിരുന്നെങ്കിലും താൽക്കാലം വേണ്ട എന്ന തീരുമാനത്തിലേക്കാണ് പ്രതിരോധ മന്ത്രാലയമെത്തിയിരിക്കുന്നത്.

Army chiefs announce protections and concessions for Agniveers retiring from the military in paramilitary forces.: