അധികാര ദുർവിനിയോഗം ആരോപിച്ച് പൂനെയിൽ നിന്ന് സ്ഥലം മാറ്റം ലഭിച്ച പ്രൊബേഷണറി ഐഎഎസ് ഓഫിസർ ഡോ. പൂജ ഖേദ്കറിനെതിരെ വ്യാജ സര്‍ട്ടിഫിക്കറ്റ് ആരോപണം. യൂണിയൻ പബ്ലിക് സർവീസ് കമ്മീഷനിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കാഴ്ച വൈകല്യവും മാനസികരോഗവുമാണെന്ന് കാണിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്നാണ് ആരോപണം.
യുപിഎസ്‌സി സെലക്ഷൻ സമയത്ത് പ്രത്യേക ഇളവുകൾ ലഭിക്കാനാണ് ഖേദ്കർ വൈകല്യങ്ങളുണ്ടെന്ന് കാണിക്കുന്ന വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉപയോഗിച്ചത്. മാര്‍ക്ക് കുറവായിരുന്നെങ്കിലും വൈകല്യങ്ങള്‍ ചൂണ്ടിക്കാണിച്ചതിനെ തുടര്‍ന്ന് ലഭിച്ച ഇളവുകള്‍ പൂജയുടെ ഐ.എ.എസ് നേട്ടത്തിന് സഹായകമായി. കൂടാതെ പൂജക്ക് 841-ാം റാങ്ക് (AIR) ലഭിക്കുകയും ചെയ്തു.
യുപിഎസ്‌സി വൈകല്യങ്ങൾ പരിശോധിക്കാൻ വൈദ്യപരിശോധനയ്ക്ക് വിധേയയാകണമെന്ന് ആവശ്യപ്പെട്ടെങ്കിലും പൂജ ഓരോ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു. ആദ്യ തവണ കോവിഡ് ബാധിതയാണെന്നായിരുന്നു പൂജ പറഞ്ഞത്. പിന്നിട് അഞ്ച് തവണ വൈദ്യപരിശോധനയ്ക്ക് വിധേയയാകാന്‍ ആവശ്യപ്പെട്ടെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞ് മാറുകയായിരുന്നു.
ഇതിന് പകരം ഖേദ്കർ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്ന് വൈകല്യങ്ങളുണ്ടെന്ന് കാണിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സ്വന്തമാക്കി. ഈ റിപ്പോര്‍ട്ട് യുപിഎസ്‌സി നിരസിച്ചിരുന്നു.സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലില്‍ പൂജ സമര്‍പ്പിച്ച സര്‍ട്ടിഫിക്കറ്റുകളില്‍ സംശയമുണ്ടെന്നും യു.പി.എസ്.സി. അറിയിച്ചിരുന്നു.എന്നാല്‍ പിന്നീട് ഈ എം.ആര്‍.ഐ സർട്ടിഫിക്കറ്റ് സ്വീകരിക്കുകയായിരുന്നു.
വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് പിന്നാലെ പൂജ ഖേദ്കര്‍ സമര്‍പ്പിച്ച ജാതി സര്‍ട്ടിഫിക്കറ്റും വ്യാജമാണോ എന്ന് സംശയമുയര്‍ന്നിട്ടുണ്ട്. ഒ.ബി.സി വിഭാഗത്തില്‍ ക്രിമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ പിതാവിന്റെ വാര്‍ഷികവരുമാന പരിധി എട്ടുലക്ഷം രൂപയാണ്. പൂജ ഖേദ്കറിൻ്റെ പിതാവ് ദിലീപ് ഖേദ്കറുടെ തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ അദ്ദേഹത്തിൻ്റെ സമ്പത്ത് 40 കോടി രൂപയുണ്ടെന്നാണ് വിവരാവകാശ രേഖ പറയുന്നത്. പിതാവിൻ്റെ സമ്പത്ത് കണക്കിലെടുക്കുമ്പോൾ ഒബിസി നോൺ ക്രീമി ലെയർ പദവിക്കുള്ള ഖേദ്കറിൻ്റെ യോഗ്യത ചോദ്യം ചെയ്യപ്പെടുകയാണ്.
അര്‍ഹതയില്ലാത്ത അധികാരം ഉപയോഗിച്ചതിന്‍റെ പേരിലാണ് പ്രൊബേഷണറി ഐഎഎസ് ഓഫിസർ ഡോ. പൂജ ഖേദ്കറെ മഹാരാഷ്ട്ര സർക്കാർ പൂണെയിൽ നിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റി.പുണെ കളക്ടർ ഡോ.സുഹാസ് ദിവാസെ ചീഫ് സെക്രട്ടറിക്ക് അയച്ച റിപ്പോർട്ടിനെ തുടർന്നാണ് നടപടി.പൂജാ ഖേദ്കറെ പൂനെയിൽ നിന്ന് വാഷിമിലേക്ക് മാറ്റാൻ തിങ്കളാഴ്ച വൈകുന്നേരമാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഭരണപരമായ കാരണങ്ങളാലാണ് സ്ഥലംമാറ്റം നടത്തിയതെന്ന് മഹാരാഷ്ട്ര സർക്കാർ അസിസ്റ്റൻ്റ് സെക്രട്ടറി എസ് എം മഹാദിക് ഒപ്പിട്ട സർക്കാർ ഉത്തരവിൽ പറയുന്നു.
വാഷിമിൻ്റെ സൂപ്പർ ന്യൂമറി അസിസ്റ്റൻ്റ് കളക്ടറായാണ് സ്ഥലം മാറ്റിയത്. പ്രൊബേഷൻ ഓഫിസർക്ക് അനുവദനീയമല്ലാത്ത പ്രത്യേക അധികാരങ്ങൾ കളക്ടറുടെ ഓഫീസിൽ നിന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് പൂജ വിവാദത്തിലായിരുന്നു. ഒരു പ്രൊബേഷണറി ഓഫിസർ എന്ന നിലയിൽ, വാഹനത്തിൽ ബീക്കൺ ലൈറ്റ് ഉപയോഗിക്കുന്നതിന് അർഹതയില്ലാതിരുന്നിട്ടും തൻ്റെ സ്വകാര്യ ഓഡി കാറിൽ പൂജ ചുവപ്പും നീലയും നിറത്തിലുള്ള ബീക്കൺ ലൈറ്റും വിഐപി നമ്പർ പ്ലേറ്റും ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്വകാര്യ കാറിൽ 'മഹാരാഷ്ട്ര സർക്കാർ' എന്ന ബോർഡും സ്ഥാപിച്ചിരുന്നു.ഈ ചിത്രവും ഇന്‍റര്‍നെറ്റില്‍ വൈറലായിരുന്നു.