ഐഎസ്ആഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപത്രത്തിന് പിന്നാലെ പ്രതികരണവുമായി ഐഎസ്ആര്‍ഒ മുന്‍ ശാസ്ത്രജ്ഞന്‍ നമ്പി നാരായണന്‍. ഇരുപത് വര്‍ഷത്തെ പോരാട്ടത്തിന്റെ ഫലമാണിതെന്നും കുറ്റം ചെയ്തത് ആരെന്നറിയാനായിരുന്നു പോരാട്ടമെന്നും നമ്പി നാരായണന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുറ്റക്കാര്‍ക്ക് ശിക്ഷ കിട്ടിയാലും ഇല്ലെങ്കിലും വ്യക്തിയെന്ന നിലയില്‍ പ്രശ്നമില്ല. കുറ്റംചെയ്തവര്‍ ജയിലില്‍ പോകണമെന്നില്ല, തെറ്റുപറ്റിയെന്ന് പറയുകയാണെങ്കില്‍ അതുമതിയെന്നും അദ്ദേഹം വ്യക്തമാക്കി.
ഐ.എസ്.ആര്‍.ഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. ഗൂഢാലോചനയ്ക്കു പിന്നില്‍ പൊലീസ് ഉദ്യോഗസ്ഥരായ എസ്.വിജയനും കെ.കെ.ജോഷ്വയുമെന്നും സിബി മാത്യൂസ് കൂട്ടുനിന്നുവെന്നും സി.ബി.ഐ. നമ്പി നാരായണന് പൊലീസ് കസ്റ്റഡിയില്‍ മര്‍ദനമേറ്റെന്നും മൊഴിയുണ്ട്.
സിഐ ആയിരുന്ന എസ്.വിജയനാണ് ചാരക്കേസ് സൃഷ്ടിക്ക് പിന്നിലെന്ന് സിബിഐ. വിജയൻ ഹോട്ടലിൽ വെച്ച് കടന്ന് പിടിച്ചത് മറിയം റഷീദ തടഞ്ഞതിന്‍റെ വിരോധമാണ് കേസിന് പിന്നിലെന്നാണ് കണ്ടെത്തല്‍. കേസ് രജിസ്റ്റര്‍ ചെയ്തത് ആദ്യ അറസ്റ്റ് നടന്ന് ദിവസങ്ങള്‍ കഴിഞ്ഞാണ്. കോടതി വീണ്ടും കസ്റ്റഡിയില്‍ നല്‍കാത്തത് കാരണം കേസ് പിറന്നു.
മറിയം റഷീദ ആദ്യം അറസ്റ്റിലായതിന്‍റെ പിറ്റേ ദിവസം മുതൽ വാർത്ത വരികയും ചെയ്തിരുന്നു. വാർത്തകൾ ചോർത്തി നൽകിയത് എസ് വിജയനെന്നാണ് മുതിർന്ന മാധ്യമ പ്രവർത്തകരുടെ മൊഴി. സിബി മാത്യൂസ് ഗൂഢാലോചനയില്‍ ഒപ്പം നിന്നെന്നും കുറ്റപത്രത്തില്‍ കണ്ടെത്തല്‍. നമ്പി നാരായണന്‍ കസ്റ്റഡിയില്‍ ക്രൂരമര്‍ദ്ദനം ഏറ്റെന്ന് ഡോക്ടര്‍ മൊഴിനല്‍കിയിരുന്നു.