pooja

കടപ്പാട്; ഇന്‍സ്റ്റഗ്രാം

TOPICS COVERED

അര്‍ഹതയില്ലാത്ത അധികാരം ഉപയോഗിച്ചതിന്‍റെ പേരില്‍  പ്രൊബേഷണറി ഐഎഎസ് ഓഫിസർ ഡോ. പൂജ ഖേദ്കറെ മഹാരാഷ്ട്ര സർക്കാർ പൂണെയിൽ നിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റി.പുണെ കളക്ടർ ഡോ.സുഹാസ് ദിവാസെ ചീഫ് സെക്രട്ടറിക്ക് അയച്ച റിപ്പോർട്ടിനെ തുടർന്നാണ് നടപടി.പൂജാ ഖേദ്കറെ പൂനെയിൽ നിന്ന് വാഷിമിലേക്ക് മാറ്റാൻ തിങ്കളാഴ്ച വൈകുന്നേരമാണ് സംസ്ഥാന സർക്കാർ തീരുമാനിച്ചത്. ഭരണപരമായ കാരണങ്ങളാലാണ് സ്ഥലംമാറ്റം നടത്തിയതെന്ന് മഹാരാഷ്ട്ര സർക്കാർ അസിസ്റ്റൻ്റ് സെക്രട്ടറി എസ് എം മഹാദിക് ഒപ്പിട്ട സർക്കാർ ഉത്തരവിൽ പറയുന്നു.

വാഷിമിൻ്റെ സൂപ്പർ ന്യൂമറി അസിസ്റ്റൻ്റ് കളക്ടറായാണ് സ്ഥലം മാറ്റിയത്.  പ്രൊബേഷൻ ഓഫിസർക്ക് അനുവദനീയമല്ലാത്ത പ്രത്യേക അധികാരങ്ങൾ കളക്ടറുടെ ഓഫീസിൽ നിന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് പൂജ വിവാദത്തിലായിരുന്നു. ഒരു പ്രൊബേഷണറി ഓഫിസർ എന്ന നിലയിൽ, വാഹനത്തിൽ ബീക്കൺ ലൈറ്റ് ഉപയോഗിക്കുന്നതിന് അർഹതയില്ലാതിരുന്നിട്ടും തൻ്റെ സ്വകാര്യ ഓഡി കാറിൽ പൂജ ചുവപ്പും നീലയും നിറത്തിലുള്ള ബീക്കൺ ലൈറ്റും വിഐപി നമ്പർ പ്ലേറ്റും ഉപയോഗിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.  സ്വകാര്യ കാറിൽ 'മഹാരാഷ്ട്ര സർക്കാർ' എന്ന ബോർഡും സ്ഥാപിച്ചിരുന്നു.ഈ ചിത്രവും ഇന്‍റര്‍നെറ്റില്‍ വൈറലായിരുന്നു.

 നിയമപ്രകാരം അനുവദനീയമല്ലാത്ത ലെറ്റർ പാഡുകളും ഒരു പ്രത്യേക ഓഫീസ്, സ്റ്റാഫ്, ക്വാർട്ടേഴ്‌സ് എന്നിവയും ഖേദ്കർ ആവശ്യപ്പെട്ടിരുന്നു. മേലുദ്യോഗസ്ഥന്‍റെ അറിവോ അനുവാദമോ ഇല്ലാതെ  അഡീഷണൽ കളക്ടർ അജയ് മോറെ ഇല്ലാതിരുന്ന സമയത്ത് അദ്ദേഹത്തിൻ്റെ ചേംബർ കൈയേറി പേരെഴുതിയ ബോർഡ് സ്ഥാപിച്ചു. അഡീഷണൽ കളക്ടറുടെ മുൻകൂർ അനുമതിയില്ലാതെ കസേരകളും സോഫകളും മേശകളും ഉൾപ്പെടെ എല്ലാ സാമഗ്രികളും നീക്കുകയും ചെയ്തു.

മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോർഡിൽ (എംപിസിബി) സീനിയർ ഓഫീസറായിരുന്ന ഖേദ്കറിന്‍റെ അച്ഛന്‍ മകൾക്ക് വേണ്ടി ഇടപെടുകയും തൻ്റെ സ്വാധീനം  ഉപയോഗിച്ച് മകളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ജില്ലാ കളക്ടറുടെ ഓഫിസില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുകയും ചെയ്തതായും റിപ്പോർട്ടുണ്ട്. വിവിധ പരാതികളിൽ പ്രൊബേഷൻ ഓഫീസർ അന്വേഷണം നേരിടാൻ സാധ്യതയുണ്ടെന്ന് സർക്കാരിലെ ഉന്നത വൃത്തങ്ങൾ അറിയിച്ചു.