മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത രാംനിവാസ് റാവത്ത് മുഖ്യമന്ത്രി മോഹന്‍ യാദവിനൊപ്പം.
മധ്യപ്രദേശിലെ മോഹന്‍ യാദവ് സര്‍ക്കാറിന്റെ പുനസംഘടനയെ തുടര്‍ന്നുള്ള സത്യപ്രതിജ്ഞ ചടങ്ങ് നാടകീയവും അസാധാരണവുമായ കാര്യങ്ങള്‍ക്കാണ് സാക്ഷ്യംവഹിച്ചത്. കോണ്‍ഗ്രസിന്റെ എംഎല്‍എയായി ബിജെപി സര്‍ക്കാരില്‍ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത രാംനിവാസ് റാവത്ത്, 15 മിനുട്ടിനിടെ രണ്ട് തവണ സത്യവാചകം ചൊല്ലി ചടങ്ങ് അസാധാരണമാക്കി.
രാവിലെ ഒന്‍പത് മണിയോടെ രാജ്ഭവനില്‍ ഗവര്‍ണര്‍ മംഗുഭായ് സി പട്ടേല്‍ സത്യപ്രതിജ്ഞ ചടങ്ങ് നിശ്ചയിച്ചത്. മുഖ്യമന്ത്രി മോഹന്‍ യാദവിന്റെയും മറ്റു മന്ത്രിമാരുടെയും സാന്നിധ്യത്തില്‍ 9.03 ഓടെ രാംനിവാസ് റാവത്ത് സഹമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. 15 മിനിട്ടിനകം വീണ്ടും സത്യപ്രതിജ്ഞ ചെയ്ത രാംനിവാസ് റാവത്ത് ക്യാബിനറ്റ് മന്ത്രി സ്ഥാനം തന്നെ ഉറപ്പിച്ചു. സത്യവാചകം ചൊല്ലുന്നതിലെ പിശകാണ് രണ്ട് തവണ സത്യപ്രതിജ്ഞയിലേക്ക് എത്തിച്ചത്. രാജ്യ കാ മന്ത്രി എന്നതിന് പകരം രാജ്യ മന്ത്രി (സഹമന്ത്രി) എന്നാണ് റാവത്ത് ആദ്യം സത്യവാചകം ചൊല്ലിയത്. ഇത് തിരുത്തുന്നതിനായിരുന്നു വീണ്ടും സത്യപ്രതിജ്ഞ.
കോണ്‍ഗ്രസില്‍ എംഎല്‍എയായിരിക്കെ തന്നെയാണ് റാവത്ത് ബിജെപി മന്ത്രിയായതെന്നാണ് മറ്റൊരു കൗതുകം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് റാവത്ത് ബിജെപിയില്‍ േചര്ന്നതെങ്കിലും കോണ്‍ഗ്രസ് എംഎല്‍എ സ്ഥാനം രാജിവെച്ചിരുന്നില്ല. ഇതോടെ കോണ്‍ഗ്രസ് എംഎല്‍എയായി ബിജെപി മന്ത്രിസഭയിലിരിക്കുന്ന വ്യക്തി എന്ന അപൂര്‍വതയും റാവത്തിനുണ്ട്.
വിജയ്പൂര്‍ നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് റാവത്ത്. സഹമന്ത്രി സ്ഥാനം രാജിവെയ്ക്കാത്തതിനാല്‍ തത്വത്തില്‍ അദ്ദേഹം ഒരേ മന്ത്രിസഭയില്‍ സഹമന്ത്രിയും ക്യാബിനറ്റ് മന്ത്രിയുമായി എന്ന അപൂര്‍വതയും സ്വന്തമാക്കി. മധ്യപ്രദേശ് കോണ്‍ഗ്രസിന്റെ വര്‍ക്കിങ് പ്രസിഡന്റും ദിഗ്വിജയ് സിങ് സര്‍ക്കാറില്‍ സഹമന്ത്രിയുമായിരുന്നു റാവത്ത്.