ലഡാക്കിലെ പാങ്ഗോങ് തടാകത്തിന് സമീപം ചൈന നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്ന റിപ്പോര്‍ട്ടിനെ ചൊല്ലി കോണ്‍ഗ്രസ്–ബി.ജെ.പി വാക്പോര്. മോദിയുടെ ചൈനീസ് ഗാരന്‍റി തുടരുകയാണെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പരിഹസിച്ചു. നെഹ്‌റുവിന്‍റെ കാലത്താണ് ചൈനയ്ക്ക് ഭൂമി നല്‍കിയതെന്ന് ബി.ജെ.പി. തിരിച്ചടിച്ചു
യഥാര്‍ഥ നിയന്ത്രണ രേഖയില്‍നിന്ന് അഞ്ച് കിലോമീറ്റര്‍ മാത്രം അകലെ സിര്‍ജാപ്പിലാണ് ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ടാങ്കുകളും ആയുധങ്ങളും ഇന്ധനവും സൂക്ഷിക്കാന്‍ ശേഷിയുള്ള വലിയ ഭൂഗര്‍ഭ അറകളും സൈനിക വാഹനങ്ങള്‍ വ്യോമാക്രമണത്തില്‍ നിന്ന് സംരക്ഷിക്കാന്‍ പാകത്തിലുള്ള സംവിധാനങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട് എന്നാണ് അമേരിക്കന്‍ ഏജന്‍സി പുറത്തുവിട്ട ഉപഗ്രഹ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തി. 2020 വെര ഇന്ത്യയുടെ കൈവശം ഉണ്ടായിരുന്ന ഭൂമിയില്‍ എങ്ങനെയാണ് ചൈന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയെന്ന് ഖര്‍ഗെ ചോദിച്ചു. ചൈന തുടര്‍ച്ചയായി ഇന്ത്യന്‍ അതിര്‍ത്തി കയ്യേറുകയും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ചെയ്യുന്നു. സര്‍ക്കാര്‍ കണ്ണടച്ച് ഇരുട്ടാക്കുകയാണ് എന്നും ഖര്‍ഗെ കുറ്റുപ്പെടുത്തി. എന്നാല്‍ മോദി സര്‍ക്കാരിന്‍റെ കാലത്ത് ഒരിഞ്ച് ഭൂമി പോലും ചൈന കയ്യേറിയിട്ടില്ലെന്നും ജവഹര്‍ ലാല്‍ നെഹ്‌റുവാണ് ഇന്ത്യന്‍ ജനതയെ വഞ്ചിച്ച് 34,000 ചതുരശ്ര കിലോമീറ്റര്‍ ഭൂമി ചൈനയ്ക്ക് നല്‍കിയതെന്നും കേന്ദ്ര മന്ത്രി ഗിരിരാജ് സിങ് തിരിച്ചടിച്ചു. ഈ പ്രദേശത്താണ് ഇപ്പോള്‍ നിര്‍മാണം നടക്കുന്നതെന്നും മന്ത്രി പറഞ്ഞു. ചൈനയുടെ ഭാഗത്തുനിന്ന് കയ്യേറ്റമുണ്ടായിട്ടുണ്ടെങ്കിലും ഇന്ത്യന്‍ ആര്‍മി ശക്തമായി പ്രതിരോധിക്കുന്നുണ്ടെന്ന് ലഡാക് എം.പി. മൊഹമ്മദ് ഹനീഫ പറഞ്ഞു.