Image: ANI
കനത്ത മഴയ്ക്കിടെ ഡൽഹി വിമാനത്താവളത്തിൽ മേൽക്കൂര തകർന്ന് ടാക്സി ഡ്രൈവർക്ക് ദാരുണാന്ത്യം. ഏഴുപേർക്ക് പരുക്കേറ്റു. ഇതോടെ ഒന്നാം ടെർമിനലിൽനിന്നുള്ള വിമാന സർവീസുകൾ നിർത്തിവച്ചു. തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് മോദി ഉദ്ഘാടനം ചെയ്ത ഭാഗമാണ് തകർന്നതെന്നും അഴിമതിയാണ് കാരണമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. പുലർച്ചെ തുടങ്ങിയ കനത്തമഴക്കിടെയാണ് വിമാനത്തവളത്തിന്റെ ഒന്നാം ടെർമിനലിന് പുറത്തെ മേൽക്കൂര തകര്‍ന്നത്. നിർത്തിയിട്ടിരുന്ന നാല് കാറുകൾക്കുമുകളിൽ മേൽക്കൂരയുടെ ഭീമൻ ഭാഗങ്ങൾ പതിച്ചു. അടിയിൽ അകപ്പെട്ടാണ് കാറിനകത്തുണ്ടായിരുന്ന ഡ്രൈവർ മരിച്ചത്.
സ്ഥലം സന്ദർശിച്ച വ്യോമയാന മന്ത്രി റാം മോഹൻ നായിഡു അപകടത്തിൽ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി. മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷം രൂപയും
പരുക്കേറ്റവർക്ക് മൂന്ന് ലക്ഷം വീതവും ധനസഹായം പ്രഖ്യാപിച്ചു. അപകടത്തിനുപിന്നാലെ ടെർമിനൽ ഒന്നിൽനിന്നുള്ള വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചു. യാത്രക്കാർക്ക് മറ്റുവിമാനങ്ങളിൽ യാത്ര സൗകര്യം ഒരുക്കാൻ വിമാന കമ്പനികൾക്ക് ഡി.ജി.സി.എ നിർദ്ദേശം നൽകി. അല്ലെങ്കിൽ ടിക്കറ്റ് തുക തിരികെ നൽകണം.
നിർമാണം പൂർത്തിയാകുംമുൻപ് മാർച്ച് 10 ന് പ്രധാനമന്ത്രി ഉദ്ഘാടനം നടത്തിയ ഭാഗമാണ് തകർന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. അഴിമതിയും കുറ്റകരമായ അനാസ്ഥയുമാണ് മോദി സർക്കാരിന്‍റെ കാലത്ത് അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയ്ക്ക് കാരണമെന്ന് മല്ലികാർജുൻ ഖർഗെ പ്രതികരിച്ചു. 2009 ൽ നിർമിച്ച ഭാഗമാണ് തകർന്നതെന്നാണ് വ്യോമയാന മന്ത്രിയുടെ വിശദീകരണം. കഴിഞ്ഞ ദിവസം ജബൽപുർ വിമാനത്താവളത്തിലെ മേൽക്കൂരയുടെ ഭാഗവും തകർന്നിരുന്നു.