പ്രതീകാത്മക ചിത്രം
ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് വീടിന് തീപിടിച്ച് കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം. അച്ഛനും അമ്മയും രണ്ട് ആണ്‍മക്കളുമാണ് മരിച്ചത്. ഹീര സിങ് കക്കാര്‍ (48) ഭാര്യ നീതു (40) ഇവരുടെ മക്കളായ റോബിന്‍ (22) ലക്ഷയ് (21) എന്നിവരാണ് മരിച്ചതെന്ന് സ്ഥിരീകരിക്കപ്പെട്ടു.
ഡല്‍ഹി ദ്വാരകയിലെ പ്രേം നഗറിലാണ് സംഭവം. പുലര്‍ച്ചെ മൂന്നരയോടെയാണ് തീപിടിത്തമുണ്ടായതായി വിവരം ലഭിച്ചതെന്നും ഉടന്‍ തന്നെ സംഭവസ്ഥലത്തേക്ക് തിരിച്ചുവെന്നും അഗ്നിരക്ഷാസേനയിലെ ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇരുനില വീടിന്‍റെ മുകള്‍നിലയിലെ ഇന്‍വെര്‍ട്ടറില്‍ നിന്നാണ് ഷോര്‍ട്ട് സര്‍ക്യൂട്ടുണ്ടായത്. തീ സമീപത്തെ സോഫയിലേക്ക് പടര്‍ന്നു. പുക ശ്വസിച്ചാണ് നാലുപേരും മരണപ്പെട്ടതെന്നാണ് വിവരം.
വീടിന്‍റെ ഗേറ്റ് അകത്തുനിന്നും പൂട്ടിയ നിലയിലായിരുന്നു. ഇത് തകര്‍ത്താണ് അഗ്നിരക്ഷാസേന അകത്തുകടന്നത്. തീ പെട്ടെന്നു തന്നെ നിയന്ത്രണവിധേയമാക്കിയെങ്കിലും വീടിനുള്ളില്‍ അതിനോടകം പുക മൂടിയിരുന്നു. ഉടന്‍ തന്നെ അപകടത്തില്‍പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല എന്ന് ഡല്‍ഹി ഫയര്‍ സര്‍വീസസ് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു. വീടിന്‍റെ താഴത്തെ നിലയില്‍ ഹീര സിങ് കക്കാറിന്‍റെ അമ്മയുമുണ്ടായിരുന്നു. ഇവര്‍ക്ക് പരുക്കേറ്റിട്ടില്ല.
രണ്ടേകാലോടെയാണ് വീടിന്‍റെ മുകള്‍ നിലയില്‍ നിന്ന് ഉറക്കെയുള്ള ശബ്ദം കേട്ടതെന്ന് സമീപത്ത് താമസിക്കുന്ന ഇവരുടെ ബന്ധുക്കള്‍ അറിയിച്ചു. ‘ഞാന്‍ നല്ല ഉറക്കത്തിലായിരുന്നു, അപ്പോഴാണ് ഹീരയുടെ കരച്ചില്‍ കേട്ടത്. വീടിന്‍റെ മുന്‍വശത്തെ ഗേറ്റ് തുറക്കാന്‍ ശ്രമിച്ചുവെങ്കിലും തുറക്കാനായില്ല. സമീപവാസികളാണ് പൊലീസിലും അഗ്നിരക്ഷാസേനയിലും വിവരം അറിയിച്ചത്. അപ്പോഴേക്കും അവര്‍ ബോധരഹിതരായി തറയില്‍ വീണിരുന്നു’ എന്ന് ഹീര സിങ് കക്കാറിന്‍റെ സഹോദരന്‍ പറഞ്ഞു.
അഗ്നിരക്ഷാസേനയെത്തി ഏഴു മിനിറ്റിനകം അവര്‍ തീയണച്ചുവെന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു. മരിച്ച ലക്ഷയ് രണ്ടരയോടെ തന്നെ ഫോണില്‍ വിളിച്ചു, വീടിന് തീപിടിച്ചു രക്ഷിക്കണമെന്ന് പറയുന്നുണ്ടായിരുന്നു. ഞങ്ങള്‍ ഇവിടെ എത്തുമ്പോഴേക്ക് അവര്‍ മരണത്തോട് മല്ലടിക്കുകയായിരുന്നുവെന്ന് മറ്റൊരു ബന്ധുവും മാധ്യമങ്ങളോട് പ്രതികരിച്ചു. സംഭവത്തില്‍ വിശദമായ പരിശോധനയും അന്വേഷണവും നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഡല്‍ഹി ബി.ജെ.പി ജനറല്‍ സെക്രട്ടറി കമല്‍ജീത് ഷെഹ്റാവത്ത് സംഭവസ്ഥലം സന്ദര്‍ശിച്ചു.