നാളെ രാജ്യാന്തര യോഗാദിനം. പ്രധാനമന്ത്രി നരേന്ദ്രമോദി ശ്രീനഗറില്‍ യോഗാദിനാചരണത്തില്‍ പങ്കെടുക്കും. കേന്ദ്രമന്ത്രിമാരും എം.പിമാരും വിവിധ കേന്ദ്രങ്ങളില്‍ നേതൃത്വം നല്‍കും. എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും യോഗാദിനാചരണം സംഘടിപ്പിക്കാന്‍ നിര്‍ദേശമുണ്ട്.
ദാല്‍ തടാകത്തിന് സമീപം ഷേര്‍ ഇ കശ്മീര്‍ ഇന്‍റര്‍നാഷണല്‍ കോണ്‍ഫറന്‍സ് സെന്‍ററിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്ന യോഗാദിനാചരണ ചടങ്ങ്. നാലായിരത്തിലേറെ പേര്‍ മോദിക്കൊപ്പം യോഗചെയ്യും. ജമ്മു കശ്മീരിലെ 20 ജില്ലകളെയും യോഗാദിനാചരണം വര്‍ച്വലായി ബന്ധിപ്പിക്കാനും ആലോചയുണ്ട്. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.
നമ്മുടെ പൂര്‍വികര്‍ വികസിപ്പിച്ചെടുത്ത യോഗ ഇന്ന് ലോകം മുഴുവന്‍ ഏറ്റെടുത്തിരിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. യോഗാദിനാചരണത്തിന് മുന്നോടിയായി വിവിധ ആസനങ്ങള്‍ അഭ്യസിക്കുന്നതിന്‍റെ വീഡിയോ പ്രധാനമന്ത്രി തന്നെ കഴിഞ്ഞദിവസം പങ്കുവച്ചിരുന്നു. മോദിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷയാണ് ജമ്മുകശ്മീരില്‍ ഒരുക്കിയിരിക്കുന്നത്. രാജ്യത്തെ മറ്റ് ഭാഗങ്ങളിലും യോഗാദിനാചരണത്തിനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണ്.
ഉത്തര്‍പ്രദേശിലെ നീന്തല്‍ വിദഗ്ധര്‍ നാളെ നദിയിലാണ് യോഗ ചെയ്യുക. പ്രയാഗ് രാജിലെ ത്രിവേണി സംഗമത്തില്‍ അതിന്‍രെ റിഹേഴ്സല്‍ അരങ്ങേറി. വിവിധ പ്രായത്തിലുള്ളവര്‍ അണിനിരക്കും. സൈനികരും പൊലീസ് ഉദ്യോഗസ്ഥരും മറ്റ് സര്‍ക്കാര്‍ ജീവനക്കാരും വിവിധ സംഘടനകളും യോഗാദിനാചരണത്തിന്റെ ഭാഗമാകും.