ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിന്‍റെ മറവിൽ, വിവിധയിടങ്ങളില്‍ നിർത്തി യാത്രക്കാരുമായി സർവീസ് നടത്തുന്ന അന്യസംസ്ഥാന ബസുകൾക്ക് തമിഴ്നാട് പിഴ ഈടാക്കിത്തുടങ്ങി. ഇതേ തുടര്‍ന്ന് കേരളത്തില്‍ നിന്നടക്കമുള്ള ബസ് സര്‍വീസുകള്‍ റദ്ദാക്കി. യാത്രാ തടസം ഒഴിവാക്കാന്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള 834 ബസുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യരുതെന്ന് തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
സ്റ്റോപ്പുകളിൽ നിർത്തി ആളുകളെ കയറ്റാനുള്ള ‘സ്റ്റേജ് കാര്യേജ്’ പെർമിറ്റ് എടുക്കാത്തതിനാൽ സർക്കാരിന് വൻനികുതി നഷ്ടമുണ്ടാകുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സ്റ്റേജ് കാര്യേജ് പെർമിറ്റ് നേടാൻ ബസുകൾക്ക് അനുവദിച്ച സമയം ചൊവ്വാഴ്ച അവസാനിച്ചു. അന്യസംസ്ഥാന റജിസ്ട്രേഷനുള്ള ബസുകൾ ടൂറിസ്റ്റ് പെർമിറ്റുകൾ സമ്പാദിച്ചാണ് തമിഴ്നാട്ടില്‍ സർവീസ് നടത്തിയിരുന്നത്. ഇവയിൽ 105 ബസുകളാണ് ചൊവ്വാഴ്ച വരെ സ്റ്റേജ് പെർമിറ്റ് നേടിയത്. അല്ലാത്തവരില്‍ നിന്ന് പിഴ ഈടാക്കാന്‍ തുടങ്ങിയതോടെ പല സര്‍വീസുകളും റദ്ദാക്കി. ഇതോടെ വിവിധ സംസ്ഥാനങ്ങളെ ബന്ധിപ്പിച്ച് സര്‍വീസ് നടത്തുന്ന ബസുകള്‍ ഓരോ സംസ്ഥാനത്തും സ്റ്റേജ് പെര്‍മിറ്റ് എടുക്കേണ്ടി വരുമോയെന്നാണ് പ്രതിസന്ധിയിലായ ബസുടമകളുടെ ചോദ്യം
തമിഴ്നാടിനുള്ളില്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ സ്റ്റേജ് പെര്‍മിറ്റ് എടുക്കാമെന്നും, അന്തര്‍സംസ്ഥാന ബസുകള്‍ക്കുളള നിബന്ധന ഒഴുവാക്കണമെന്നും ആവശ്യപ്പെട്ട് ബസ്സുടമകള്‍ സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ട്. തീരുമാനമായില്ലെങ്കില്‍ വരുന്ന ഉത്സവക്കാലത്ത് തമിഴ്നാട് വഴി സര്‍വീസ് നടത്തുന്ന അന്തര്‍ സംസ്ഥാന ബസുകളില്ലാതെ നാലു സംസ്ഥാനങ്ങളിലും യാത്രാക്കുരുക്ക് രൂക്ഷമാകും. അതിനിടെ നിലവില്‍ യാത്രാ തടസം ഒഴുവാക്കാന്‍ സര്‍ക്കാര്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള 834 ബസുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യരുതെന്ന് തമിഴ്നാട് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.