Image: instagram.com/p/C7hb-SdvtjS/
ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ചോക്കലേറ്റ് സിറപ്പിനുള്ളില്‍ ചത്ത എലി. പ്രമി ശ്രീധര്‍ എന്ന യുവതിയാണ് സമൂഹമാധ്യമത്തില്‍ വിഡിയോ സഹിതം വിവരം പങ്കുവച്ചത്. സെപ്റ്റോ ആപ്പിലൂടെ വാങ്ങിയ 'ഹെര്‍ഷെസ്’ ചോക്കലേറ്റ് സിറപ്പിലാണ് ചത്ത എലിയും മുടിയിഴകളും ലഭിച്ചതെന്ന് പ്രമി കുറിച്ചു. കുപ്പിയുടെ സീല്‍ പൊട്ടിച്ച് പാത്രത്തിലേക്ക് സിറപ്പ് ഒഴിക്കുമ്പോളാണ് അസാധാരണ വസ്തു കണ്ടതെന്നും വെള്ളത്തില്‍ കഴുകി നോക്കിയപ്പോഴാണ് ചത്ത എലിക്കുഞ്ഞാണെന്ന് മനസിലായതെന്നും പ്രമി വ്യക്തമാക്കി.
'ബ്രൗണിക്കൊപ്പം കഴിക്കാനാണ് ചോക്കലേറ്റ് സിറപ്പ് വാങ്ങിയത്. കേക്കിന് മുകളിലേക്ക് സിറപ്പ് ഒഴിക്കാന്‍ തുടങ്ങിയപ്പോള്‍ മുടിയിഴകള്‍ വീണു. ഇതോടെ കുപ്പി തുറന്നു നോക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഡിസ്പോസിബിള്‍ ഗ്ലാസിലൊഴിച്ച് നോക്കിയപ്പോളാണ് അത്യാവശ്യം കൊഴുത്ത കനമുള്ളതെന്തോ ഗ്ലാസിലേക്ക് വീണത്’. വെള്ളത്തില്‍ കഴുകി നോക്കിയപ്പോള്‍ അതൊരു എലിക്കുഞ്ഞാണെന്ന് മനസിലായെന്ന് ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പ്രമി പറയുന്നു.
ചോക്കലേറ്റ് സിറപ്പ് കഴിച്ച മൂന്നു പേരില്‍ ഒരാള്‍ ബോധരഹിതയായെന്നും ആശുപത്രിയിലേക്ക് മാറ്റിയെന്നും കുറിപ്പില്‍ പറയുന്നു. ഈ യുവതിയുടെ ആരോഗ്യനിലയില്‍ പ്രശ്നമില്ല. സംഭവത്തില്‍ വിശദമായ അന്വേഷണവും അടിയന്തര നടപടിയും യുവതി ആവശ്യപ്പെടുന്നു. പ്രമിക്കുണ്ടായ ദുരനുഭവത്തില്‍ ഖേദിക്കുന്നുവെന്നും സിറപ്പിന്‍റെ മാനുഫാക്ചറിങ് തിയതിയും കോഡും ഫോണ്‍ നമ്പറും നല്‍കിയാല്‍ എത്രയും വേഗം പ്രശ്നം പരിഹരിക്കാമെന്നും ഹെര്‍ഷെയ്സ് പ്രമിയുടെ പോസ്റ്റിനു താഴെ കമന്റ് ചെയ്തു.
സീല്‍ ചെയ്തെത്തിയ ഉല്‍പ്പന്നത്തില്‍ ഇത്തരമൊരു അനുഭവമുണ്ടായതിനെതിെ സമൂഹമാധ്യമങ്ങളില്‍ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്. ഇക്കാര്യത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമിന് ഉത്തരവാദിത്തമില്ലെന്ന് ഒരു വിഭാഗം പ്രതികരിച്ചു. ഭക്ഷ്യസുരക്ഷ വകുപ്പിന് പരാതി നല്‍കണമെന്നാണ് ഏറെപ്പേരുടെയും ഉപദേശം