തമിഴ്നാട് കള്ളക്കുറിച്ചിയിലുണ്ടായ വ്യാജമദ്യ ദുരന്തത്തിൽ 16 മരണം.  ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ഇന്നലെ രാവിലെ മുതലാണ് ആളുകളെ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ തുടങ്ങിയത്. പുതുച്ചേരിയിലും കള്ളക്കുറിച്ചിയിലുമായി 60 ലേറെ പേരാണ് ചികിത്സയിലുള്ളത്. അപകടത്തിന് പിന്നാലെ ജില്ലാ കലക്ടര്‍ ശ്രാവണ്‍കുമാറിനെ സ്ഥലം മാറ്റി.  എസ്.പിയെ സസ്പെന്‍ഡ് ചെയ്തു.

ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ച കള്ളക്കുറിച്ചി കരുണാപുരം സ്വദേശികളെ  ഇന്നലെ രാവിലെ മുതലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു തുടങ്ങിയത്. രണ്ടുപേർ കള്ളക്കുറിച്ചി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയ ഉടനെയും മറ്റുള്ളവർ ചികിത്സയിലിരിക്കെയുമാണ് മരിച്ചത്. ചികിത്സയ്ക്ക് എത്തിയ 40 ഓളം പേരിൽ സ്ഥിതി മോശമായ 18 പേരെ പുതുച്ചേരി ജിപ്മർ ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് വൈകിട്ടോടെ മരണസംഖ്യ 10ന് മുകളിലേക്ക് എത്തി.  ആശുപത്രിയിൽ പ്രവേശിപ്പിച്ചവർക്ക് വയറുവേദനയും കണ്ണെരിച്ചിൽ അടക്കമുള്ള അസ്വസ്ഥതയും അനുഭവപ്പെട്ടതിനെ തുടർന്ന് വ്യാജമദ്യ ദുരന്തമെന്നാണ് ബന്ധുക്കളുടെ ആരോപിച്ചിരുന്നു.

അതിനിടെ മേഖലയിൽ വ്യാജ മദ്യം വിറ്റ രണ്ടുപേർ അറസ്റ്റിലായി. കരുണാപുരം സ്വദേശികളായ ഗോവിന്ദരാജ് സഹോദരൻ ദാമോദരൻ എന്നിവരാണ് 200 ലിറ്റർ മെഥോള്‍ കലർത്തിയ വ്യാജ്യമദ്യവുമായി പിടിയിലായത്. ജില്ലാ പോലീസ് ആസ്ഥാനത്തിന് തൊട്ടടുത്ത മേഖലയിലാണ് ഇവർ മദ്യം സൂക്ഷിച്ചത്. ഇതിന് പിന്നാലെ ജില്ലാ പോലീസ് മേധാവി സമയ് സിങ് മീണയെയും,   ലഹരി വിരുദ്ധ വിഭാഗത്തിലെ മുഴുവൻ ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു. ജില്ലാ കലക്ടർ ശ്രാവൺ കുമാറിനെ സ്ഥലം മാറ്റി.

അന്വേഷണ ചുമതല സിബിസിഐഡിക്ക് നൽകാൻ സർക്കാർ ഉത്തരവിറക്കി. ചികിത്സയ്ക്കായി 18 അംഗ വിദഗ്ധ സംഘത്തെ രൂപീകരിച്ചു. ആരോഗ്യമന്ത്രി എം.സുബ്രഹ്മണ്യം കള്ളക്കുറിച്ചിയിൽ സന്ദർശനം നടത്തി. അപകടത്തിൽ നടുക്കം രേഖപ്പെടുത്തിയ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുമെന്നും, കൃത്യവിലോപം നടത്തിയ മറ്റു ഉദ്യോഗസ്ഥർക്കെതിരെ നടപടി ഉണ്ടാകുമെന്നും അറിയിച്ചു.  കഴിഞ്ഞ മേയിൽ വില്ലുപുരത്ത് ഉണ്ടായ വിഷമദ്യ ദുരന്തത്തിൽ 22 പേർ മരിച്ചിരുന്നു.

ENGLISH SUMMARY:

16 die after consuming illicit liquor in Tamil Nadu