Image: PTI
ബംഗാളിലെ ഡാര്‍ജിലിങില്‍ യാത്രാ ട്രെയിനിലേക്ക് ചരക്കുട്രെയിന്‍ ഇടിച്ചുകയറി 15 മരണം. അറുപതോളം പേര്‍ക്ക് പരുക്കേറ്റു. കാഞ്ചന്‍ജംഗ എക്സ്പ്രസിന്‍റെ പുറകില്‍ സിഗ്നല്‍ മറികടന്നെത്തിയാണ് ചരക്കുട്രെയിന്‍ ഇടിച്ചത്. മൂന്ന് കോച്ചുകള്‍ പാളം തെറ്റി തകര്‍ന്നു. രക്ഷാ പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കാന്‍ റെയില്‍വേ മന്ത്രി അപകടസ്ഥലത്തേക്ക് തിരിച്ചു. മരിച്ചവരുടെ കുടുംബള്‍ക്ക് പ്രധാനമന്ത്രി രണ്ടുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.
അഗര്‍ത്തലയില്‍നിന്ന് കൊല്‍ക്കത്തിയിലെ സീല്‍ദയിലേക്കുള്ള കാഞ്ചൻജംഗ എക്സ്പ്രസ് ന്യൂ ജൽപായ്ഗുഡിയിലാണ് അപകടത്തില്‍പ്പെട്ടത്. ഇതേ ട്രാക്കില്‍ സമാന ദിശയിലെത്തിയ ചരക്കുട്രെയിന്‍ കാഞ്ചന്‍ജംഗ എക്സ്പ്രസിന്‍റെ പിന്‍ഭാഗത്ത് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്നുകോച്ചുകള്‍ പാളം തെറ്റി തകര്‍ന്നു. ഇതിലൊരു കോച്ച് ചരക്കുട്രെയിന് മുകളിലുടെ അന്തരീക്ഷത്തിലേക്കുയര്‍ന്നു,
ചരക്കുട്രെയിനിന്‍റെ ലോക്കോ പൈലറ്റും സഹപൈലറ്റും കാഞ്ചന്‍ ജംഗ എക്സ്പ്രസിലെ ഗാര്‍ഡുമുള്‍പ്പെടെയാണ് മരിച്ചത്. യാത്രക്കാരില്‍ പലരും കോച്ചുകള്‍ക്കുള്ളിലും അടിയിലുംപെട്ടു, ഇവരെ പുറത്തെടുക്കല്‍ ശ്രമകരമായിരുന്നു. സമീപത്ത് റോഡുകളില്ലാത്തതും രക്ഷാപ്രവര്‍ത്തനം ദുഷ്കരമാക്കിയെന്ന് ദൃക്സാക്ഷികള്‍. രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. ദേശിയ, സംസ്ഥാന ദുരന്തനിവാരണ സേനകളെയുള്‍പ്പെടെ വിന്യസിച്ച് ബംഗാള്‍ സര്‍ക്കാരും റെയില്‍വേമന്ത്രാലയും രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചു. റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അപകടസ്ഥലത്തെത്തി.
ചരക്കുട്രെയിന്‍റെ ലോക്കോ പൈലറ്റ് സിഗ്നല്‍ അവഗണിച്ചതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കൂട്ടിയിടി തടയാനുള്ള കവച് സംവിധാനം ഈ റൂട്ടിലില്ല. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് റെയില്‍വേ പത്തുലക്ഷം രൂപയും പ്രധാനമന്ത്രി രണ്ടു ലക്ഷവും ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവര്‍ക്ക് റെയില്‍വേ 2.5 ലക്ഷം രൂപയും നല്‍കും. രാഷ്ട്രപതിയും പ്രധാനമന്ത്രിയും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അപകടത്തില്‍ അനുശോചിച്ചു.
അപകടത്തില്‍പ്പെടാത്ത കോച്ചുകളുമായി കാഞ്ചൻജംഗ എക്‌സ്‌പ്രസ് പിന്നീട് കൊല്‍ക്കത്ത ഭാഗത്തേക്ക് പുറപ്പെട്ടു. 19 ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. മുന്നൂറോളംപേര്‍ കൊല്ലപ്പെട്ട ബാലസോര്‍ ട്രെയിന്‍ ദുരന്തം സംഭവിച്ച് ഒരുവര്‍ഷം പിന്നിടവെയാണ് രാജ്യത്ത് വീണ്ടുമൊരു ട്രെയിനപകടം യാത്രക്കാരുടെ ജീവനെടുക്കുന്നത്.