നീറ്റ് പ്രതിഷേധം കേന്ദ്രവിദ്യാഭ്യാസമന്ത്രിയുടെ ഓഫിസിലേക്ക് വ്യാപിപ്പിച്ച് വിദ്യാര്‍ഥികള്‍. പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് മന്ത്രി ധര്‍മേന്ദ്ര പ്രധാനെ കണ്ട് വിദ്യാര്‍ഥികള്‍ നിവേദനം കൈമാറി. പരീക്ഷ ക്രമക്കേടില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനും NTAയ്ക്കും നോട്ടിസയച്ചു. അതേസമയം, നീറ്റ് കൗണ്‍സിലിങ് ഉടന്‍ ആരംഭിക്കും.
ലക്ഷക്കണക്കിന് വിദ്യാര്‍ഥികളുടെ ഭാവിയെ, കേന്ദ്രസര്‍ക്കാരും എന്‍ടിഎയയും, ഇരുട്ടില്‍ നിര്‍ത്തുകയാണെന്ന് ആരോപിച്ചാണ് ശാസ്ത്രി ഭവനിലെ വിദ്യാഭ്യാസമന്ത്രാലയത്തിലേക്ക് വിദ്യാര്‍ഥികളും രക്ഷിതാക്കളും പ്രതിഷേധമാര്‍ച്ച് നടത്തിയത്. പൊലീസ് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതോടെ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. ഒടുവില്‍ വിദ്യാര്‍ഥികളെ കാണാന്‍ ധര്‍മേന്ദ്ര പ്രധാന്‍ തയാറായി.
വിദ്യാര്‍ഥികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിജ്ഞബദ്ധമാണെന്ന് വിദ്യാഭ്യാസമന്ത്രിയുടെ പ്രതികരണം. കൗണ്‍സിലിങ് ഉടന്‍ ആരംഭിക്കും. അതിനിടെ പരീക്ഷാ ക്രമക്കേട് ഉന്നയിച്ച് രാജസ്ഥാനിലെ കോട്ടയില്‍ എന്‍എസ്‍യു നടത്തിയ പ്രതിഷേധവും സംഘര്‍ഷത്തില്‍ കലാശിച്ചു. അതിനിടെ, നീറ്റ് പരീക്ഷ ക്രമക്കേടും ചോദ്യപേപ്പര്‍ ചോര്‍ച്ചയും സിബിഐ അന്വേഷിക്കണമെന്ന ഹര്‍ജികളില്‍ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിനും എന്‍ടിഎയ്ക്കും രണ്ടാഴ്ചയ്ക്കകം മറുപടി നല്‍കാന്‍ ആവശ്യപ്പെട്ട് നോട്ടിസയച്ചു. ജൂലൈ എട്ടിന് കേസ് വീണ്ടും പരിഗണിക്കും. പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളിലുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന എന്‍ടിഎയുടെ ഹര്‍ജിയും അന്നേദിവസം കോടതി പരിഗണിക്കും. ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടായെന്ന ആരോപണം കേള്‍ക്കും മുന്‍പേ വിദ്യാഭ്യാസമന്ത്രി തള്ളിയെന്നും സത്യംപുറത്തുവരാന്‍ സിബിഐ അന്വേഷണം വേണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. പരീക്ഷയുമായി ബന്ധപ്പെട്ട് ഗുജറാത്തിലും ബിഹാറിലും പൊലീസ് സ്വീകരിച്ച നടപടികള്‍ വ്യാജമാണോയെന്ന് പ്രിയങ്ക ഗാന്ധിയും ചോദിച്ചു.