
അരുന്ധതി റോയിക്കെതിരെ യുഎപിഎ കുറ്റം ചുമത്തി വിചാരണ ചെയ്യാന്‍ അനുമതി നല്കി ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ്കുമാര്‍ സക്സേന. 2010 ഒക്ടോബർ 21ന് ഡല്‍ഹിയിൽ കമ്മിറ്റി ഫോർ റിലീസ് ഓഫ് പൊളിറ്റിക്കൽ പ്രിസണേഴ്സ് എന്ന സംഘടന നടത്തിയ പരിപാടിക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിലാണ് കുറ്റവിചാരണക്ക് അനുമതി നല്‍കിയത്. അരുന്ധതി റോയിക്ക് പുറമേ കശ്മീർ കേന്ദ്ര സര്‍വകലാശാലയിലെ രാജ്യാന്തര നിയമപഠന വിഭാഗം മുൻ പ്രഫസർ ഡോ. ഷെയ്ഖ് ഷൗക്കത്ത് ഹുസൈന് എതിരെയും യുഎപിഎ സെക്ഷൻ 45(1) പ്രകാരം കേസെടുക്കാൻ വി.കെ.സക്സേന അനുമതി നൽകി.
ഇരുവര്‍ക്കുമെതിരെ സിആര്‍പിസി 196ാം വകുപ്പ് പ്രകാരം കുറ്റവിചാരണക്ക് കഴിഞ്ഞ ഒക്ടോബറില്‍ സക്സേന അനുമതി നല്‍കിയിരുന്നു. ഹുറിയത്ത് നേതാവ് സയ്യിദ് അലി ഷാ ഗീലാനി, ഡൽഹി സർവകലാശാല മുൻ പ്രഫസർ സയ്യിദ് അബ്ദുൽ റഹ്മാൻ ഗീലാനി എന്നിവരെയും കേസില്‍ പ്രതി ചേർത്തിട്ടുണ്ടെങ്കിലും, ഇവർ നേരത്തേ മരണപ്പെട്ടിരുന്നു. ഇതിൽ ഗീലാനി പ്രസ്തുത സമ്മേളനത്തിന്റെ അവതാരകനും പാർലമെന്റ് ആക്രമണക്കേസിലെ പ്രധാന പ്രതിയുമായിരുന്നു.
കശ്മീരിൽ നിന്നുള്ള സാമൂഹികപ്രവർത്തകൻ സുശീൽ പണ്ഡിറ്റ് നൽകിയ പരാതിയിൽ എഫ്ഐആര്‍ റജിസ്റ്റർ ചെയ്യണമെന്ന് 2010 നവംബറിൽ ഡല്‍ഹി മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്നു നൽകിയ എഫ്ഐആറിന്റെ അടിസ്ഥാനത്തിലാണ് റോയിക്കെതിരെ ഇപ്പോൾ നടപടി സ്വീകരിക്കുന്നത്. അരുന്ധതി റോയിയും ഗീലാനിയും കശ്മീർ ഒരിക്കലും ഇന്ത്യയുടെ ഭാഗമല്ലെന്നും ഇന്ത്യന്‍ സായുധസേന ബലപ്രയോഗത്തിലൂടെ കൈവശപ്പെടുത്തിയതാണെന്നും പ്രചരിപ്പിച്ചു, ഇന്ത്യയിൽനിന്നും കശ്മീരിന്റെ മോചനം സാധ്യമാകാൻ എല്ലാ ശ്രമങ്ങളും നടത്തണമെന്ന് ആഹ്വാനം ചെയ്തു തുടങ്ങിയവയാണ് സുശീൽ പണ്ഡിറ്റ് ഉന്നയിച്ച പ്രധാന ആരോപണങ്ങള്‍.
നരേന്ദ്രമോദി സര്‍ക്കാറിന്റെ കടുത്ത വിമര്‍ശകയായ അരുന്ധതി റോയി മുന്‍പും പല വിഷയങ്ങളിലും ശക്തമായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്.