രാജസ്ഥാനിലെ ജയ്പൂരിൽ 300 രൂപയുടെ ആഭരണം 6 കോടി രൂപയ്ക്ക് വിറ്റ് തട്ടിപ്പ്. യുഎസ് വനിതയായ ചെറിഷിനെയാണ് ജയ്പൂരിലെ ജോഹ്റി ബസാറിൽ കട നടത്തുന്ന ഗൗരവ് സോണി പറ്റിച്ചത്. സ്വർണം മുക്കിയ വെള്ളി ആഭരണമാണ് 6 കോടി രൂപയ്ക്ക് വിൽപ്പന നടത്തിയതെന്നാണ് പരാതി.
ഏപ്രിലിൽ അമേരിക്കയിൽ പ്രദർശനത്തിന് വെച്ചപ്പോഴാണ് ആഭരണം വ്യാജമാണെന്ന് തെളിഞ്ഞത്. ഇതോടെ ഇന്ത്യയിലെത്തിയ ചെറിഷ് കടയുമടയ്ക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. ജയ്പൂരിൽ പൊലീസിൽ പരാതി നൽകിയ ചെറിഷ് യുഎസ് എംബസിയിലും സഹായം ആവശ്യപ്പെട്ടു. എംബസിയുടെ കൂടി നിർദ്ദേശ പ്രകാരമാണ് പൊലീസ് അന്വേഷണം.
2022ൽ ഇൻസ്റ്റഗ്രാമിലൂടെയാണ് കടയുടമ ഗൗരവ് സോണിയെ പരിചയപ്പെട്ടതെന്നു യുവതി പൊലീസിനോട് പറഞ്ഞു. കൃത്രിമ ആഭരണമാണെന്ന് അറിയാതെ രണ്ടു വർഷത്തിനിടെ 6 കോടി രൂപ കൈമാറി. ഒളിവിലുള്ള ഗൗരവിനും അച്ഛൻ രാജേന്ദ്ര സോണിക്കുമായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘവും ആരംഭിച്ചിട്ടുണ്ട്.