വ്യാജ ആധാർ കാർഡ് ഉപയോഗിച്ച് പാർലമെന്‍റ് സമുച്ചയത്തിലേക്ക് കടക്കാൻ ശ്രമിച്ച മൂന്ന് പേർ അറസ്റ്റിൽ. മൂന്ന് തൊഴിലാളികളെയാണ് ശനിയാഴ്ച സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ പിടികൂടിയത്. കാസിം, മോനിസ്, ഷോയിബ് എന്നിവരാണ് പിടിയിലായതെന്ന് ഡൽഹി പോലീസ് അറിയിച്ചു. ഗൂഢാലോചന, വഞ്ചന തുടങ്ങിയ വകുപ്പുകൾ പ്രകാരം ഇവർക്കെതിരെ കേസെടുത്തു. അതീവ സുരക്ഷയുള്ള പാർലമെൻറ് വളപ്പിലെ പതിവ് സുരക്ഷാ, തിരിച്ചറിയൽ പരിശോധനയ്ക്കിടെയാണ് ഇവരുടെ തിരിച്ചറിയൽ രേഖകളിലെ പൊരുത്തക്കേടുകൾ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. തുടർന്ന്ഉദ്യോഗസ്ഥർ ഇവരെ കസ്റ്റഡിയിലെടുക്കുകയും പ്രദേശത്ത് സുരക്ഷ ശക്തമാക്കുകയും ചെയ്തു.
പാര്‍ലമെന്‍റ് മന്ദിരത്തിനുള്ളിലെ എം.പി ലോഞ്ചിന്‍റെ ജോലിക്കായി ഡി.വി പ്രൊജക്ട്സ് ലിമിറ്റഡ് കരാറടിസ്ഥാനത്തില്‍ എടുത്തവരാണ് മൂന്ന് തൊഴിലാളികളെന്നും എന്നാല്‍ ഇവര്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് കടക്കാന്‍ ശ്രമിച്ചതോടെയാണ് അറസ്റ്റ് ചെയ്തതെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതാദ്യമായല്ല പാര്‍ലമെന്‍റ് പരിസരത്തേക്ക് വ്യാജ തിരിച്ചറിയല്‍ രേഖകളുമായി ആളുകള്‍ കടന്നു കയറാന്‍ ശ്രമിക്കുന്നത്.