ബോളിവുഡ് നടിയും നിയുക്ത എം.പിയുമായ കങ്കണ റനൗട്ടിനെ മര്‍ദിച്ചെന്ന കേസില്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ അറസ്റ്റില്‍. തന്നെ മര്‍ദിച്ചതില്‍ സിനിമാ ലോകം നിശബ്ദത പാലിച്ചതില്‍ കങ്കണ അമര്‍ഷം പ്രകടിപ്പിച്ചു. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥയെ പിന്തുണച്ച് കര്‍ഷക സംഘടനകള്‍ രംഗത്തെത്തി.
കങ്കണ റനൗട്ടിനെ ചണ്ഡിഗഡ് വിമാനത്താവളത്തില്‍വച്ച് മര്‍ദിച്ചെന്ന കേസില്‍ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥ കുല്‍വീന്ദര്‍ കൗറിനെയാണ് പൊലീസ് അറസ്റ്റുചെയ്തത്. ഇന്നലെ സംഭവത്തിനുപിന്നാലെ കുല്‍വീന്ദറിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. കങ്കണ പരാതി നല്‍കിയിട്ടില്ലെങ്കിലും ദൃശ്യങ്ങളുള്‍പ്പെടെ അടസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്. എന്‍.ഡി.എ പാര്‍ലമെന്‍ററി പാര്‍ട്ടിയോഗത്തില്‍ പങ്കെടുക്കാനെത്തിയ കങ്കണ മര്‍ദനത്തെക്കുറിച്ച് പ്രതികരിച്ചില്ല.
അതേസമയം തന്നെ മര്‍ദിച്ചതില്‍ സിനിമാ ലോകം പ്രതികരിക്കാത്തതിനെതിരെ കങ്കണ സമൂഹമാധ്യമത്തില്‍ പ്രതികരിച്ചു. നിങ്ങള്‍ സന്തോഷിക്കുകയോ മൗനം പാലിക്കുകയോ ചെയ്യുന്നുണ്ടാകും, ഇന്നല്ലെങ്കില്‍ നാളെ നിങ്ങള്‍ തെരുവിലൂടെ നടക്കുമ്പോള്‍ ഇസ്രായേല്‍, പലസ്തീന്‍ അനുകൂല പ്രസ്താവനയുടെ പേരില്‍ നിങ്ങളെയും ആരെങ്കിലും മര്‍ദിച്ചേക്കാം. അന്ന് നിങ്ങളുടെ അഭിപ്രായ സ്വാതന്ത്ര്യത്തിനായി താന്‍ പോരാടുമെന്ന് കങ്കണ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. കുല്‍വിന്ദര്‍ കൗറിന് വിവിധ കര്‍ഷക സംഘടനകള്‍ പിന്തുണ പ്രഖ്യാപിച്ചു.
കര്‍ഷകര്‍ക്കെതിരായ കങ്കണയുടെ നിലപാടുകളിലാണ് താന്‍ പ്രതിഷേധിച്ചതെന്ന് സിഐഎസ്എഫ് ഉദ്യോഗസ്ഥയുടെ വാദം. നൂറ് രൂപയ്ക്ക് വേണ്ടിയാണ് കര്‍ഷകര്‍ സമരത്തില്‍ പങ്കെടുക്കുന്നതെന്ന് കങ്കണ നേരത്തെ ആരോപിച്ചിരുന്നു.