bribe-cash

TOPICS COVERED

കൈക്കൂലി നല്‍കാന്‍ പണം ഇല്ലെങ്കില്‍ തവണകളായി നല്‍കാന്‍ സൗകര്യമൊരുക്കി ഗുജറാത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍. നിര്‍ധനരായ ജനങ്ങള്‍ക്കാണ് ബാങ്ക് മാതൃകയില്‍ തവണകളായി പണം അടയ്ക്കാന്‍ ഗുജറാത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഓഫര്‍. ഇങ്ങനെ കൈക്കൂലി വാങ്ങുന്നത് ഗുജറാത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ സാധാരണയായി മാറിയിരിക്കുന്നു എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

എസ്ജിഎസ്ടി വ്യാജ ബില്ലിങ് തട്ടിപ്പ് കേസില്‍ ഈ വര്‍ഷം ആദ്യം 21 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി ആവശ്യപ്പെട്ടത്. ഒരുമിച്ച് 21 ലക്ഷം രൂപ നല്‍കാന്‍ സാധിക്കില്ലെങ്കില്‍ പ്രതിമാസം രണ്ട് ലക്ഷം രൂപ വെച്ച് നല്‍കിയാല്‍ മതി എന്നായിരുന്നു മൊബൈല്‍ ഫോണ്‍ ഉടമയ്ക്ക് മുന്‍പില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വെച്ച ഓഫര്‍. 10 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട സൈബര്‍ ക്രൈം യൂണിറ്റിലെ ഒരു പൊലീസുകാരന്‍ നാല് മാസം കൊണ്ട് തവണകളായി പണം നല്‍കിയാല്‍ മതിയെന്ന വിട്ടുവീഴ്ചയും ചെയ്തു. 

കൃഷിയിടം നിരപ്പാക്കുന്നതിന് ഒരു കര്‍ഷകന്റെ കയ്യില്‍ നിന്ന് 85,000 രൂപയാണ് ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. കര്‍ഷകന്‍ സാമ്പത്തിക പ്രയാസത്തിലായതിനാല്‍ മുന്‍കൂറായി 35000 രൂപയും ബാക്കി തുക ഗഡുക്കളായ നല്‍കിയാല്‍ മതിയെന്ന ഇളവ് നല്‍കുകയും ചെയ്തു. 

ഇങ്ങനെ ഇംഎംഐയായി കൈക്കൂലി നല്‍കുന്ന സംഭവങ്ങള്‍ കൂടുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 2024ല്‍ മാത്രം ഇത്തരത്തില്‍ ഗുജറാത്തില്‍ 10 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ഗുജറാത്ത് അഴിമതി വിരുദ്ധ ബ്യൂറോയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പലരും ആദ്യ കൈക്കൂലിയായി ആദ്യ ഗഡു നല്‍കിയതിന് ശേഷം രണ്ടാമത്തെ ഗഡു നല്‍കാതെ അഴിമതി വിരുദ്ധ സ്ക്വാഡിനെ സമീപിക്കുന്നതായും അദ്ദേഹം പറയുന്നു. 

ENGLISH SUMMARY:

Bribery to be paid as emi offer by gujarat government officials