അതിക്രമക്കേസില്‍ പ്രതിഭാഗം വാദത്തിനിടെ ഡല്‍ഹി കോടതിയില്‍ പൊട്ടിക്കരഞ്ഞ് ആം ആദ്മി പാര്‍ട്ടി എം.പി സ്വാതി മാലിവാള്‍. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്‍റെ പി.എ ബിഭവ് കുമാറിന്‍റെ ജാമ്യാപേക്ഷയില്‍ വാദം നടക്കവേ ഡല്‍ഹി തീസ് ഹസാരി കോടതിയിലാണ് നാടകീയ രംഗങ്ങള്‍. അതിക്രമം നടന്നതായി പറയുന്ന സമയത്ത് ബിഭവ് കുമാര്‍ മുഖ്യമന്ത്രിയുടെ വസതിയിലില്ല എന്നായിരുന്നു പ്രതിഭാഗത്തിന്‍റെ പ്രധാനവാദം. സ്വാതിയുടെ ശരീരത്തിലെ പരുക്കുകള്‍ ഗുരുതരമല്ലെന്നും പരുക്കുകള്‍ സ്വാതി സ്വയം ഉണ്ടാക്കിയതാവാമെന്നും പ്രതിഭാഗം അഭിഭാഷന്‍ എന്‍. ഹരിഹരന്‍ വാദിച്ചു. ഇതിനുപിന്നാലെയാണ് സ്വാതി പൊട്ടിക്കരഞ്ഞത്.
സ്വാതിയെ അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല വാദമെന്ന് അഭിഭാഷകന്‍ വിശദീകരിച്ചു. സ്വാതി അനുമതിയില്ലാതെയാണ് മുഖ്യമന്ത്രിയുടെ വസതിയിലെത്തിയതെന്നും എല്ലാം ആസൂത്രിതമാണെന്നും പ്രതിഭാഗം വാദിച്ചു. ജാമ്യാപേക്ഷയില്‍ വാദിഭാഗത്തിന്‍റെ വാദം തുടരുകയാണ്. കേസില്‍ മേയ് 18ന് അറസ്റ്റിലായ ബിഭവ് കുമാര്‍ നിലവില്‍ കസ്റ്റഡിയിലാണ്. മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ സന്ദർശിക്കാൻ വസതിയിലെത്തിയ സ്വാതി മലിവാളിനെ കയ്യേറ്റം ചെയ്തെന്നാണ് പരാതി.
വധഭീഷണിയും ബലാല്‍സംഘ ഭീഷണിയും ലഭിക്കുന്നതായി സ്വാതി മലിവാള്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ചില സ്ക്രീന്‍ഷോട്ടുകളടക്കം സമൂഹമാധ്യമത്തില്‍ പങ്കുവച്ച സ്വാതി ഡല്‍ഹി പൊലീസ് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്‍റെ പിഎ ബിഭവ് കുമാറിനെതിരായ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് ഭീഷണിയെന്നും സ്വാതി പറഞ്ഞു. ആം ആദ്മി പാര്‍ട്ടി നേതാക്കളുടെ വ്യക്തിഹത്യയ്ക്കുശേഷമാണ് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കുന്നത്. പ്രമുഖ യൂട്യൂബറായ ധ്രുവ് റാഠി തനിക്കെതിരെ ഏകപക്ഷീയമായ വിഡിയോ പങ്കുവച്ചതോടെ ഭീഷണിയുടെ തോത് കൂടിയെന്നും സ്വാതി പറയുന്നു. സ്വാതിയുടെ പരാതിയില്‍ അറസ്റ്റിലായ കേജ്‍രിവാളിന്‍റെ പിഎ ബിഭവ് ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്.