അയോധ്യയിലെ രാമക്ഷേത്രത്തിലും ക്ഷേത്രപരിസരത്തും മൊബൈല്‍ ഫോണുകള്‍ക്ക് പൂര്‍ണ നിരോധനം. ക്ഷേത്രം ട്രസ്റ്റും അയോധ്യ ഭരണകൂടവും സംയുക്തമായാണ് തീരുമാനം കൈക്കൊണ്ടത്. തീര്‍ഥാടകരുടെ മൊബൈല്‍ ഫോണുകള്‍ ക്ലോക്ക് റൂമുകളില്‍ തന്നെ സൂക്ഷിക്കണമെന്നും മറ്റ് ഭക്തര്‍ക്ക് അസൗകര്യമുണ്ടാക്കരുതെന്നും ക്ഷേത്രം ട്രസ്റ്റി അഭ്യര്‍ഥിച്ചു.
ഭക്തജനങ്ങളുടെ സുരക്ഷയും സൗകര്യങ്ങളും കണക്കിലെടുത്താണ് തീരുമാനമെന്നും ക്ഷേത്രം സന്ദര്‍ശിക്കാനെത്തുന്നവര്‍ സഹകരിക്കണമെന്നും സര്‍ക്കുലറിലും വ്യക്തമാക്കുന്നു. മൊബൈല്‍ ഫോണുകളും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളും സൂക്ഷിക്കാന്‍ വിപുലമായ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നും ഇത് പ്രയോജനപ്പെടുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.ക്ഷേത്രത്തിന് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായി 14 അടി വീതിയുള്ള ചുറ്റുമതില്‍ നിര്‍മിക്കുമെന്നും ഇവിടെ 25,000 തീര്‍ഥാടകരെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള ആറ് അമ്പലങ്ങള്‍ കൂടി നിര്‍മിക്കുമെന്നും ക്ഷേത്രം ട്രസ്റ്റ് അറിയിച്ചു.
നഗര രീതിയിലാണ് അയോധ്യയിലെ രാമക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്. 2.7 ഏക്കറിലായി 392 തൂണുകളിലായാണ് ക്ഷേത്രം പണികഴിപ്പിച്ചിരിക്കുന്നത്. 44 വാതിലുകളും അഞ്ച് വലിയ ഹാളുകളും ക്ഷേത്രത്തിനുള്ളിലുണ്ട്. 51 ഇഞ്ച് ഉയരമുള്ള രാംലല്ലയാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠ. ജനുവരി 22ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലാണ് ക്ഷേത്രത്തിന്‍റെ പ്രതിഷ്ഠാ ചടങ്ങുകള്‍ നടന്നത്. ലക്ഷക്കണക്കിന് തീര്‍ഥാടകര്‍ അയോധ്യയിലേക്ക് ഒഴുകിയെത്തിയതിന് പിന്നാലെ ക്ഷേത്ര വരുമാനം കോടികള്‍ കടന്ന് റെക്കോര്‍ഡിലെത്തിയിരുന്നു.