modi-bill-karnataka

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൈസുരു സന്ദര്‍ശനവുമായി ബന്ധപ്പെട്ട ബില്ലുതര്‍ക്കം പരിഹരിക്കുമെന്ന് കര്‍ണാടക വനംമന്ത്രി ഈശ്വര്‍ കന്ദ്രെ.  കഴിഞ്ഞ വര്‍ഷമാണ് മോദി മൈസുരു സന്ദര്‍ശിച്ചത്. സന്ദര്‍ശനവുമായി ബന്ധപ്പെട്ട് 80 ലക്ഷം രൂപയുടെ ബില്ലാണ് റാഡിസന്‍ ബ്ലൂ ഹോട്ടല്‍ നല്‍കിയത്. എന്നാല്‍ ഈ ബില്ല് കണ്ട് കണ്ണുതള്ളിയ വനംവകുപ്പുമായി നേരത്തേ തര്‍ക്കം ആരംഭിച്ചിരുന്നു.  ബില്ലില്‍ തീരുമാനമാകാതെ തര്‍ക്കം തുടരുന്നതിനിടെയാണ് വിഷയത്തില്‍ ഇടപെട്ട് പരിഹാരം കാണാമെന്ന ഉറപ്പ് വനംവകുപ്പുമന്ത്രി നല്‍കിയത്. 

കടുവാസംരക്ഷണ പദ്ധതിയുടെ അന്‍പതാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് ഏപ്രില്‍ 9 മുതല്‍ 11വരെയാണ് നരേന്ദ്രമോദി മൈസുരുവില്‍ താമസിച്ചത്. കര്‍ണാടകയിലെ ആദ്യ കടുവാസംരക്ഷണ കേന്ദ്രമായ ബന്ദിപ്പൂരില്‍ മോദി സന്ദര്‍ശനം നടത്തിയിരുന്നു. കര്‍ണാടക സ്റ്റേറ്റ് ഓപ്പണ്‍ യൂണിവേഴ്സിറ്റി പരിപാടിക്കിടെ ടൈഗര്‍ എസ്റ്റിമേഷന്‍ റിപ്പോര്‍ട്ടും അദ്ദേഹം പുറത്തിറക്കിയിരുന്നു. ഈ ദിവസത്തെ യാത്രയുടെ ബില്ലാണ് ഹോട്ടല്‍ നല്‍കിയത്. 

ജൂണ്‍ ഒന്നിനു മുന്‍പേ ഹോട്ടല്‍ ബില്ല് പൂര്‍ണമായും അടക്കണമെന്നാവശ്യപ്പെട്ട് ഹോട്ടല്‍ ഫിനാന്‍സ് ജനറല്‍ മാനേജര്‍ ദിവസങ്ങള്‍ക്ക് മുന്‍പ് മൈസുരു ഫോറസ്റ്റ് ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ക്ക് കത്തയച്ചിരുന്നു. നിശ്ചിത തീയതിക്കകം പ്രശ്‌നം പരിഹരിക്കപ്പെട്ടില്ലെങ്കിൽ നിയമനടപടി സ്വീകരിക്കാനും സന്നദ്ധരാണെന്ന്  ഹോട്ടൽ അധികൃതര്‍ അറിയിച്ചു. 

സംസ്ഥാന വനം വകുപ്പും നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയും (എൻടിസിഎ) തമ്മിലുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്നാണ് പണമടക്കല്‍ വൈകുന്നതെന്നാണ് സൂചന. കേന്ദ്ര വനം മന്ത്രാലയവുമായി അഫിലിയേറ്റ് ചെയ്‌തിരിക്കുന്ന എൻടിസിഎ സംസ്ഥാനത്തോട് പണം  നൽകണമെന്ന് ആവശ്യപ്പെടുമ്പോൾ, കേന്ദ്രസർക്കാരാണ് പരിപാടി സംഘടിപ്പിച്ചതെന്നുള്ളതാണ് സംസ്ഥാനത്തിന്റെ വാദം.  

ഇരുവിഭാഗവും തമ്മില്‍ കത്തിടപാടുകള്‍ നടന്നതോടെയാണ് വിഷയത്തിലെ  അഭിപ്രായവ്യത്യാസം പരസ്യമായത്. 2023 ഏപ്രിലിലെ പരിപാടിയിൽ നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുണ്ടായിരുന്നു, അങ്ങനെ സംസ്ഥാന സർക്കാരിൻ്റെ ഇടപെടൽ ഒഴിവാക്കിയതായി സംസ്ഥാന വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രശ്‌നപരിഹാരത്തിന് പലതവണ ശ്രമിച്ചിട്ടും തീർപ്പാക്കാത്ത തുകയ്ക്ക് പരിഹാരമാവാതെ തുടരുന്നതിനിടെയാണ് വിഷയത്തില്‍ ഇടപെടാമെന്ന് മന്ത്രി ഉറപ്പു നല്‍കിയത്. 

PM Modi visit Karnatka hotel bill:

PM Modi visits Karnataka minister promised to resolve hotel bill