Photo Credit: Hema Kolla/Facebook
നിശാപാര്‍ട്ടിയില്‍ ലഹരി ഉപയോഗിച്ചിരുന്നവരുടെ കൂട്ടത്തില്‍ തെലുങ്ക് നടി ഹേമയും ഉണ്ടെന്ന് കണ്ടെത്തല്‍. നിശാപാർട്ടിയിൽ പങ്കെടുത്ത 103 പേരില്‍ നടത്തിയ രക്ത പരിശോധനയിലാണ് താരം ഉള്‍പ്പെടെ 86 പേർ ലഹരിമരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. വാര്‍ത്ത വന്നതിനു പിന്നാലെ ആരാധകരടക്കം ഞെട്ടലിലാണ്.
റേവ് പാർട്ടിയിൽ പങ്കെടുത്തതിന് ബെംഗളൂരു പോലീസ് കസ്റ്റഡിയിലെടുത്തവരിൽ മറ്റൊരു തെലുങ്ക് നടൻ ആഷി റോയ് ഉൾപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഇത് വ്യക്തമല്ല. എന്നാൽ തനിക്ക് ഈ പാർട്ടിയുടെ സ്വഭാവത്തെക്കുറിച്ച് അറിയില്ലായിരുന്നു എന്നാണ് ആഷി റോയ് പറഞ്ഞത്. പാർട്ടിയിൽ ഉണ്ടായിരുന്നെങ്കിലും ഉള്ളിൽ എന്താണ് നടക്കുന്നതെന്ന് അറിയില്ലെന്ന് ആഷി പറഞ്ഞിരുന്നു.
തെലുങ്ക് താരങ്ങളെ കൂടാതെ മോഡലുകളും ഐടി ജീവനക്കാരും നിശാപാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടിയില്‍ പങ്കെടുത്ത 59 പുരുഷന്‍മാരും 27 സ്ത്രീകളും ലഹരി ഉപയോഗിച്ചതായി സ്ഥിരീകരിച്ചു.ഇലക്ട്രോണിക് സിറ്റി സിംഗേന അഗ്രഹാരയിലെ ജിഎം ഫാംഹൗസില്‍ കഴിഞ്ഞ 19ാം തീയതിയാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. 73 പുരുഷന്മാരും 30 സ്ത്രീകളുമാണ് പാര്‍ട്ടിയില്‍ പങ്കെടുത്തത്. ഫാംഹൗസ് ഉടമയും പാർട്ടി സംഘാടകനും 3 ലഹരി ഇടപാടുകാരും ഉൾപ്പെടെ 5 പേരാണ് അറസ്റ്റിലായത്.
ലഹരി ഉപയോഗിച്ചതായി സ്ഥിരീകരിക്കപ്പെട്ടവര്‍ക്ക് സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കും. നിശാ പാര്‍ട്ടിയില്‍ നിന്ന് 14.40 ഗ്രാം എംഡിഎംഎ പില്‍സ്, 1.16 ഗ്രാം എംഡിഎംഎ ക്രിസ്റ്റല്‍, അഞ്ച് ഗ്രാം കൊക്കെയ്ന്‍, കഞ്ചാവ്, കൊക്കെയ്‌നില്‍ പൊതിഞ്ഞ 500 രൂപ എന്നിവയും പിടിച്ചെടിത്തിരുന്നു.