കേജ്‌രിവാൾ വീട്ടിലുള്ളപ്പോൾ പിഎ ആക്രമിച്ചതിന്റെ നടുക്കം മാറിയിട്ടില്ലെന്ന് ആം ആദ്മി പാർട്ടിയുടെ രാജ്യസഭ എംപി സ്വാതി മലിവാൾ. മുഖ്യമന്ത്രിയുടെ വീട്ടിൽ അലറി വിളിച്ചിട്ടും ആരും രക്ഷിക്കാനെത്തിയില്ലെന്നും സ്വാതി പറഞ്ഞു. കേസിൽ തന്റെ മാതാപിതാക്കളെ ചോദ്യംചെയ്യാനുള്ള തീരുമാനത്തിന് പിന്നിൽ പ്രധാനമന്ത്രിക്കുള്ള വ്യക്തി വിരോധമാണെന്ന് കേജ്‌രിവാൾ പറഞ്ഞു.
ആക്രമിക്കപ്പെട്ട സംഭവത്തിനുശേഷം ഇതാദ്യമായി വാർത്താ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സ്വാതി മലിവാൾ നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ ആവർത്തിക്കുന്നത്. എട്ട് തവണ കേജ് രിവാളിന്റെ പിഎ ബിഭവ് കരണത്തടിച്ചു. ദേഹമാസകലം മർദിച്ചു. തല മേശയിലിടിച്ചു. ക്രൂരമായി മർദിച്ചിട്ടിപ്പോൾ വ്യാജ വിഡിയോ ഇറക്കി പ്രചരിപ്പിക്കുന്നുവെന്ന് സ്വാതി. ആർക്കും ക്ലീൻ ചിട്ട് നൽകില്ല. അന്വേഷണം പൂർത്തിയാകട്ടെയെന്നും പ്രതികരണം.
ഇതേ കേസിൽ തന്റെ മാതാപിതാക്കളെ ചോദ്യംചെയ്യാനുള്ള പൊലീസ് തീരുമാനം പ്രധാനമന്ത്രിക്കുള്ള വ്യക്തി വിരോധം കൊണ്ടാണെന്ന് കേജ്‌രിവാൾ. മാതാപിതാക്കൾ കുറ്റകൃത്യത്തിൽ പങ്കാളികളാണെന്ന് മോദി വിചാരിക്കുന്നുവോ. നമ്മൾ തമ്മിലല്ലേ പോരാട്ടം എന്നും പ്രധാനമന്ത്രിയോട് കേജ് രിവാളിന്റെ ചോദ്യം. ഡൽഹിയിൽ ലോക്സഭ തിരഞ്ഞെടുപ്പ് അവസാനിച്ചതിനുശേഷമെ കേജ്‌രിവാളിന്റെ മാതാപിതാക്കളുടെ മൊഴിയെടുക്കൂവെന്നാണ് സൂചന.