agnipath

സേനവിഭാഗങ്ങളിലെ ഹ്രസ്വസേവനത്തിന് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ അഗ്നിപഥ് പദ്ധതിയില്‍ മാറ്റങ്ങള്‍ക്ക് സാധ്യത. ഇതിനായി സൈന്യം ആഭ്യന്തര സര്‍വേ ആരംഭിച്ചു. പരിഷ്ക്കരണ ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തി പുതിയ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഏറെ വിവാദത്തിന് ഇടയാക്കിയ അഗ്നിപഥ് പദ്ധതി അധികാരത്തിലെത്തിയാല്‍ പിന്‍വലിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടുണ്ട്. 

കര, നാവിക, വ്യോമ സേനകളിലെ 4 വര്‍ഷത്തെ സേവനത്തിനാണ് അഗ്നിപഥ് നടപ്പാക്കിയത്. 4 വര്‍ഷത്തിന് ശേഷം 25 ശതമാനം പേരെ സേനകളില്‍ നിലനിര്‍ത്തും. ഇത് അന്‍പത് ശതമാനമാക്കി ഉയര്‍ത്തുന്നതും സേവന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കുന്നതും പരിഗണനയിലുണ്ട്. അഗ്നിപഥ് പദ്ധതിയെച്ചൊല്ലി രാഷ്ട്രീയ വിവാദം ഇപ്പോഴും തുടരുകയാണ്. ഹരിയാന, ബിഹാര്‍, യുപി സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് വേദികളിലെ ചര്‍ച്ച വിഷയമാണ്. അഗ്നിപഥ് പദ്ധതിയില്‍ ആവശ്യമെങ്കില്‍ മാറ്റങ്ങള്‍ വരുത്തുന്നതില്‍ സര്‍ക്കാരിന് തുറന്ന മനസാണെന്നും പദ്ധതിയുടെ ഭാഗമാകുന്ന യുവാക്കളുടെ ഭാവി പ്രതിസന്ധിയിലാകില്ലെന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിയിരുന്നു. 

പരിഷ്ക്കരണങ്ങള്‍ ലക്ഷ്യമിട്ട് സൈന്യം ആഭ്യന്തരസര്‍വേ നടത്തുന്നതായാണ് സൂചന. പദ്ധതിയുടെ ഭാഗമായ യുവാക്കള്‍, നിയമന–പരിശീലക ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്ന് അഭിപ്രായങ്ങള്‍ തേടുന്നു. യുവാക്കള്‍ എന്തുകൊണ്ട് സൈന്യത്തിന്‍റെ ഭാഗമാകാന്‍ ആഗ്രഹിക്കുന്നു, പദ്ധതിയെക്കുറിച്ച് അവര്‍ക്കുള്ള അഭിപ്രായം, പദ്ധതിക്ക് ശേഷം സൈന്യത്തിലെ നിയമനത്തിലുണ്ടായ മാറ്റങ്ങള്‍, ഒാണ്‍ലൈന്‍ പ്രവേശനപരീക്ഷയില്‍ ഗ്രാമീണ–നഗരമേഖലകളിലെ പങ്കാളിത്തം, അഗ്നിപഥ് പദ്ധതിയുടെ ഭാഗമായവരുടെയും അതിന് മുന്‍പ് സൈന്യത്തിലെത്തിയവരുടെയും ശരാരീകക്ഷമതയിലെ വ്യത്യാസങ്ങള്‍, പഠന നിലവാരം എന്നിവ ആഭ്യന്തര സര്‍വേയുടെ ഭാഗമായി വിശദമായി പരിശോധിക്കുന്നു. സര്‍വേയിലെ ഉത്തരങ്ങള്‍ ഈ മാസം അവസാനത്തോടെ അവലോകനം ചെയ്ത് പുതിയ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

ENGLISH SUMMARY:

Possibility of changes in the Agnipath plan