കേജ്‌രിവാളിന്റെ പിഎയ്ക്കെതിരെ പരാതിപ്പെട്ടതോടെ ആപ്പിനകത്ത് തനിക്കെതിരെ ഗൂഢാലോചനയെന്ന് സ്വാതി മലിവാൾ. തന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടാൻ നീക്കമെന്നും സ്വാതി ആരോപിച്ചു. അതിനിടെ മുംബൈയിലെ തെളിവെടുപ്പ് പൂർത്തിയാക്കി പിഎ ബിഭവ് കുമാറിനെ ഡൽഹിയിലെത്തിച്ചു.
നേരിട്ടോ, സമൂഹ മാധ്യമങ്ങളിലൂടെയോ തന്നെ പിന്തുണയ്ക്കുന്നവരെ ആം ആദ്മി പാർട്ടി പുറത്താക്കുമെന്ന് സ്വാതി മാലിവാൾ. പാർട്ടിയിലെ ഒരു മുതിർന്ന നേതാവ് ഫോണിൽ വിളിച്ച് ഇന്നലെ ഇക്കാര്യങ്ങൾ പറഞ്ഞുവെന്നും സ്വാതി എക്‌സിൽ കുറിച്ചു. കുറ്റാരോപിതൻ വലിയ ശക്തനാണെങ്കിലും പോരാട്ടത്തിൽനിന്ന് പിന്നോട്ടില്ലെന്ന് സ്വാതി പറഞ്ഞു.
പഴയ സഹപ്രവർത്തകയായ നിലവിലെ മന്ത്രി പരിഹാസത്തോടെയാണ് തനിക്കെതിരായ ആരോപണത്തെ കാണുന്നതെന്നും വാർത്താ സമ്മേളനങ്ങൾ വിളിക്കുമ്പോഴും അവരുടെ മുഖത്ത് ഈ ചിരിയുണ്ടെന്നും അതിഷിയെ ഉന്നമിട്ട് സ്വാതി പറഞ്ഞു. അതിനിടെ, മുംബൈയിലെ തെളിവെടുപ്പ് പൂർത്തിയാക്കി ബിഭവ് കുമാറിനെ ഡൽഹിയിൽ തിരികെയെത്തിച്ചു. മുംബൈയിൽ മൂന്നിടങ്ങളിൽ ബിഭവിനെയെത്തിച്ച് തെളിവെടുത്തു. ബിഭവ് ഫോൺ ഫോർമാറ്റ് ചെയ്തത് മുംബൈയിൽവച്ചാണെന്ന് പൊലീസ് സൂചിപ്പിച്ചു.