PTI05_15_2024_000011B
  • രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു
  • പുറത്തെത്തിച്ചവരെ ജയ്​പുരിലെ ആശുപത്രിയിലേക്ക് മാറ്റി
  • ഒന്‍പത് ആംബുലന്‍സുകള്‍ കൂടി സജ്ജമാക്കി

രാജസ്ഥാനിലെ കോലിഹന്‍ കോപ്പര്‍ ഖനിയില്‍ ലിഫ്റ്റ് തകര്‍ന്ന് കുടുങ്ങിയ 14 പേരില്‍ എട്ടുപേരെ രക്ഷപെടുത്തി. ശേഷിക്കുന്നവര്‍ക്കായി രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഇന്നലെ രാത്രി എട്ടുമണിയോടെയാണ് കൊല്‍ക്കത്തയില്‍ നിന്നെത്തിയ വിജിലന്‍സ് സംഘവും മാധ്യമപ്രവര്‍ത്തകനുമുള്‍പ്പടെയുള്ളവര്‍ ലിഫ്റ്റ് തകര്‍ന്ന് ഖനിയില്‍പ്പെട്ടത്. ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡിന്‍റെ ഖനിയിലായിരുന്നു അപകടമുണ്ടായത്. 

PTI05_15_2024_000010B

ഖനിക്കുള്ളില്‍ നിന്നും രക്ഷപെടുത്തിയവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് പ്രാഥമിക പരിശോധനകള്‍ക്ക് ശേഷം ഡോക്ടര്‍മാര്‍ അറിയിച്ചു. ഒന്‍പത് ആംബുലന്‍സുകളാണ് ഖനിക്ക് പുറത്ത് രക്ഷാപ്രവര്‍ത്തനത്തിനായി സജ്ജമാക്കിയിരിക്കുന്നത്. പുറത്തെത്തിച്ചവരെ ജയ്പുരിലെ ആശുപത്രിയിലേക്ക് മാറ്റി. 

ഖനിക്കുള്ളിലേക്ക് ഉദ്യോഗസ്ഥരുമായി  ഇറങ്ങിയ ലിഫ്റ്റ് 577 മീറ്റര്‍ പിന്നിട്ടതോടെയാണ് ബ്രേക്ക് ചെയിന്‍ പൊട്ടി താഴേക്ക് പതിച്ചത്. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് അടിയന്തര സഹായമെത്തിക്കുന്നതിനായി എട്ടംഗ വൈദ്യസംഘം ഖനിക്കുള്ളിലേക്ക് കടന്നിരുന്നു.  ചീഫ് വിജിലന്‍സ് ഓഫിസര്‍ ഉപേന്ദ്ര പാണ്ഡെ, ഖേത്രി കോപ്പര്‍ കോംപ്ലക് യൂണിറ്റ് തലവന്‍ ജി.ഡി. ഗുപ്ത, കോലിഹന്‍ ഖനിയുടെ ഡപ്യൂട്ടി ജനറല്‍ മാനേജര്‍ എ.കെ. ശര്‍മ, വിജിലന്‍സിനൊപ്പം ഫൊട്ടോഗ്രാഫറായെത്തിയ മാധ്യമപ്രവര്‍ത്തകന്‍ എന്നിവരടക്കമാണ് കുടുങ്ങിയത്. ഇതില്‍ ആരൊക്കെയാണ് നിലവില്‍ പുറത്തെത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല. 

1967ലാണ് ഖേത്രിയിലെ കോപ്പര്‍ ഖനി പ്രവര്‍ത്തനം ആരംഭിച്ചത്. അതേസമയം, ആശങ്കപ്പെടാനില്ലെന്നും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നുണ്ടെന്നും സ്ഥലം എംഎല്‍എ ധരംപാല്‍ ഗുര്‍ജര്‍ അറിയിച്ചു. എട്ടുപേരെ രക്ഷപെടുത്തിയത് പോലെ തന്നെ ശേഷിക്കുന്നവരെയും അപകടമൊന്നും കൂടാതെ പുറത്തെത്തിക്കാന്‍ കഴിയുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.

Lift Collapse:

8 rescued so far, 6 still trapped inside Rajasthan's mine