collector

കുഴിനഖ ചികില്‍സാ വിവാദത്തില്‍ തിരുവനന്തപുരം ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജിനെതിരെ നടപടിയുണ്ടാകില്ല. ഡോക്ടറും സംഘടനയുമാണ് ചികില്‍സ വിവാദമാക്കിയതെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. ചീഫ് സെക്രട്ടറി ആവശ്യപ്പെട്ട റിപ്പോര്‍ട് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉടന്‍ കൈമാറും.  

കുഴിനഖം ചികില്‍സക്കായി ഡോക്ടറെ വീട്ടിലേക്ക് വിളിച്ചു വരുത്തിയതില്‍ കലക്ടര്‍ക്ക് തെറ്റിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ വിലയിരുത്തല്‍. കലക്ടറുടെ ഔദ്യോഗിക തിരക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒ.പിയിലെ തിരക്ക് മാറ്റിവെയ്ക്കാവുന്നതുമാണ്.  സര്‍വീസ് ചട്ടത്തിലുള്ള ചികില്‍സ വിവാദമാക്കിയത് ഡോക്ടറും സംഘടനയുമാണെന്നാണ് ഐ.എ.എസ് അസോസിയേഷന്‍റെ നിലപാട്. അഖിലേന്ത്യാ സര്‍വീസ് ചട്ടം 3(1), 8(1), 8(2)  പ്രകാരം അഖിലേന്ത്യാ സിവില്‍ സര്‍വീസ് അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും താമസ സ്ഥലത്തെത്തി ചികില്‍സ നല്‍കണമെന്നാണ് പറയുന്നതെന്നും ചൂണ്ടിക്കാട്ടുന്നു. രോഗിയുടെ ചികില്‍സ പരസ്യപ്പെടുത്തിയ ഡോക്ടര്‍ കുറ്റക്കാരനാണെന്നും കൂട്ടിച്ചേര്‍ക്കുന്നു. ഡോക്ടര്‍ ചീഫ് സെക്രട്ടറിയെ ജില്ലാ കലക്ടറും ഇക്കാര്യം അറിയിച്ചിട്ടുണ്ട്.  മാത്രമല്ല സംസ്ഥാനത്തെ തന്നെ മികച്ച കലക്ടറെന്ന അവാര്‍ഡ് കിട്ടിയ ജെറോമിക് ജോര്‍ജിനെതിരെ ചികില്‍സാ വിവാദത്തില്‍ നടപടിയെടുത്താല്‍ സര്‍ക്കാരിനും അവമതിപ്പുണ്ടാക്കും. ഇതെല്ലാം കണക്കിലെടുത്താണ് കലക്ടര്‍ക്കെതിരെയുള്ള നപടി ഒഴിവാക്കുന്നത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുകയും ചെയ്യുന്നു. വിഷയത്തില്‍ ചീഫ് സെക്രട്ടറി തേടിയ വിശദ റിപ്പോര്‍ട് ഉടന്‍ ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കൈമാറും. ഈ റിപ്പോര്‍ടിനെ ആശ്രയിച്ചായിരിക്കും ഡോക്ടര്‍ക്കെതിരെയുള്ള  നടപടി  തീരുമാനം. ചുരുക്കത്തില്‍ കുഴിനഖ ചികില്‍സയില്‍ കലക്ടര്‍ സേഫാണന്നര്‍ഥം.

There will be no action against thiruvananthapuram collector