rajeendrakumar-14

കുട്ടനാട്ടിലെ രാമങ്കരിയിൽ വിമതനായ പഞ്ചായത്ത് പ്രസിഡന്‍റിനെതിരായ അവിശ്വാസം പാസായി. പഞ്ചായത്ത് പ്രസിഡന്‍റ് ആര്‍.രാജേന്ദ്ര കുമാർ പ്രസിഡന്‍റ് സ്ഥാനവും പഞ്ചായത്ത് അംഗത്വവും രാജിവച്ചു. സി.പി.എമ്മുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചെന്നും സി.പി.ഐയിൽ ഇനി സജീവമായി പ്രവർത്തിക്കുമെന്നും രാജേന്ദ്രകുമാർ അറിയിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കൊടിക്കുന്നിലിനു വേണ്ടി സി.പി.എം വോട്ടുമറിച്ചെന്ന ആരോപണവും രാജേന്ദ്രകുമാർ ഉന്നയിച്ചു. അതേസമയം രാജേന്ദ്രകുമാറിന് നേരത്തെ തന്നെ സി.പി.ഐയുമായി ബന്ധമുണ്ടായിരുന്നുവെന്ന് സി.പിഎം. ആരോപിച്ചു.

 

രാമങ്കരിയിലെ 13 അംഗ ഭരണസമിതിയിൽ അവിശ്വാസത്തിന് അനുകൂലമായി എട്ട് വോട്ടുകളാണ് ലഭിച്ചത്. യു.ഡി.എഫ് കൊണ്ടു വന്ന അവിശ്വാസത്തെ സി.പി.എമ്മിന്‍റെ നാലംഗങ്ങള്‍ തുണച്ചു. ആകെ ഒന്‍പത് അംഗങ്ങളാണ് സി.പി.എമ്മിനുണ്ടായിരുന്നത് അതിൽ രാജേന്ദ്രകുമാർ അടക്കം ആറുപേർ പാര്‍ട്ടിയുമായി അകന്നു നിൽക്കുകയായിരുന്നു. അവിശ്വാസം വന്നപ്പോൾ നേരത്തെ രാജേന്ദ്ര കുമാറിനെ തുണച്ചിരുന്ന ഒരാൾ കൂടി അവിശ്വാസത്തെ പിന്തുണച്ചു. 

 

യു.ഡി.എഫിന്‍റെ അവിശ്വാസ നോട്ടിസിൽ ഒപ്പിട്ട മൂന്ന് സി.പി.എം അംഗങ്ങളോട് ഏരിയ കമ്മിറ്റി വിശദീകരണം തേടിയിരുന്നു. എന്നാൽ അവിശ്വാസ വോട്ടെടുപ്പിൽ സി.പി.എം വിപ്പ് നൽകിയിരുന്നില്ല. കുട്ടനാട്ടിൽ സി.പി.എം.–സി.പി.ഐ ഭിന്നത തുടങ്ങിയത് രാമങ്കരിയിലെ പ്രശ്നങ്ങളോടെയാണ്.

 

Ramankary panchayt president voted out via no confidence motion