tte-maveli-express-13

മംഗളൂരു - തിരുവനന്തപുരം മാവേലി എക്സ്​പ്രസില്‍ ടി.ടി.ഇ ക്ക് യാത്രക്കാരന്റെ ക്രൂര മർദ്ദനം. ടിക്കറ്റ് ഇല്ലാതെ റിസർവേഷൻ കോച്ചിൽ യാത്ര ചെയ്തത് ചോദ്യം ചെയ്തതിന് രാജസ്ഥാൻ സ്വദേശിയായ വിക്രം കുമാർ മീണയ്ക്കാണ് മൂക്കിന് ഇടിയേറ്റത്. രക്തം വാർന്ന നിലയിൽ ഇയാളെ ഷൊർണൂരിലെ റെയിൽവേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദിച്ച തിരുവനന്തപുരം കരമന സ്വദേശി സ്റ്റാൻലി ബോസിനെ കോഴിക്കോട് റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ രാത്രി 10 മണിയോടെ തിരൂരിനടുത്ത് വെച്ചാണ് നിറയെ യാത്രക്കാരുള്ള ട്രെയിനിലെ സ്​ലീപര്‍ കോച്ചിൽ വച്ച് ടി.ടി.ഇ ക്ക് മർദ്ദനമേൽക്കുന്നത്. ജനറൽ ടിക്കറ്റുമായി കോഴിക്കോട് നിന്ന് റിസർവേഷൻ കോച്ചിൽ കയറിയ പ്രതിയോട് ഇറങ്ങാൻ ടി.ടി.ഇ ആവശ്യപ്പെട്ടിരുന്നു. ഇത് സമ്മതിക്കാതിരുന്ന പ്രതി കയ്യേറ്റം ചെയ്യുകയായിരുന്നു എന്ന് വിക്രം കുമാര്‍ മീണ മനോരമ ന്യൂസിനോട് പറഞ്ഞു. തിരൂർ റെയിൽവേ പൊലീസിന് കൈമാറിയ പ്രതിയെ പിന്നീട് കോഴിക്കോട് റെയിൽവേ പൊലീസിന് കൈമാറി. ഇന്ന് രാവിലെ അറസ്റ്റ് രേഖപ്പെടുത്തി. മർദ്ദിച്ചു പരുക്കേൽപ്പിച്ചതും , ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതുമടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പ്രതി മദ്യലഹരിയിൽ ആയിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

 

TTE attacked in Maveli Express