TAGS

തിരുവനന്തപുരം കരമന അഖില്‍ വധക്കേസില്‍ രണ്ട് മുഖ്യപ്രതികളും ഗൂഡാലോചനയില്‍ പങ്കാളിയായ മൂന്ന് പേരും പിടിയില്‍. കരിങ്കല്ലുകൊണ്ട് ഇടിച്ച് കൊലപ്പെടുത്തിയ അഖില്‍ അപ്പുവും വിനീത് രാജുമാണ് പിടിയിലായ മുഖ്യപ്രതികള്‍. അതേസമയം ക്രൂര കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ അനന്തു ഗിരീഷ് വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.

 

കമ്പുകൊണ്ട് അടിച്ചുവീഴ്ത്തിയ ശേഷം കരിങ്കല്ലുകൊണ്ട് തലയിലും നെഞ്ചത്തും ഇടിച്ചാണ് കൈമനം മരുതൂര്‍ക്കടവ് സ്വദേശി അഖിലിനെ മൂന്നംഗസംഘം കൊലപ്പെടുത്തിയത്. ആ സംഘത്തിലെ രണ്ട് പേരെ രണ്ടാം ദിവസം തന്നെ പിടികൂടാന്‍ പൊലീസിനായി. ഒന്നും രണ്ടും പ്രതികളായ വിനീത് രാജും അഖില്‍ അപ്പുവും. കമ്പുകൊണ്ട് അടിച്ച് വീഴ്ത്തിയ അഖിലിനെ കരിങ്കല്ലുകൊണ്ട് ആവര്‍ത്തിച്ച്  ഇടിക്കുന്നത് വിനീതാണ്.  കമ്പുകൊണ്ട് തുടര്‍ച്ചയായി അടിക്കുന്നത് അഖിലും. 

 

വിനീതിനെ നഗരത്തില്‍ തന്നെയുള്ള ചെങ്കല്‍ച്ചൂളയില്‍ നിന്ന് പിടികൂടിയപ്പോള്‍ അഖിലിനെ തമിഴ്നാട്ടിലെ വെല്ലിയോട് നിന്നാണ് കസ്റ്റഡിയിലെടുത്തത്. കൊലപാതകത്തില്‍ നേരിട്ട് പങ്കുള്ള സുമേഷ് മാത്രമാണ് ഇനി ഒളിവിലുള്ളത്.പ്രതികളെത്തിയ കാര്‍ ഓടിച്ച അനീഷ് ഇന്നലെ പിടിയിലായിരുന്നു. മുഖ്യപ്രതികളെ കൂടാതെ ഗൂഡാലോചനയില്‍ പങ്കുള്ള കിരണ്‍, ഹരിലാല്‍, കിരണ്‍ കൃഷ്ണ എന്നിവരെയും അറസ്റ്റ് ചെയ്തു. കൊലപാതകത്തിന് കാരണമായ ബാറിലെ തര്‍ക്കത്തില്‍ പങ്കെടുത്തയാളാണ് കിരണ്‍ കൃഷ്ണ. അന്നത്തെ കയ്യാങ്കളിക്കിടെ പകരം വീട്ടുമെന്ന് ഭീഷണി മുഴക്കിയത് കിരണ്‍ കൃഷ്ണയാണെന്ന് പൊലീസ് പറയുന്നു. 

 

കൊലപാതകത്തിന് മുന്‍പ് പ്രതികള്‍ക്കൊപ്പം മദ്യപിക്കാനും ഗൂഡാലോചന നടത്താനും ഹരിലാല്‍ ഒപ്പമുണ്ടായിരുന്നെങ്കില്‍ മുഖ്യപ്രതി അഖിലിനെ ഒളിവില്‍ പോകാന്‍ സഹായിച്ചയാളാണ് കിരണ്‍. ഈ പ്രതികളെല്ലാവരും 2019ലെ അനന്തു ഗിരീഷ് വധത്തിലും പ്രതികളാണ്. ഹൈക്കോടതിയില്‍ നിന്ന് ജാമ്യത്തിലിറങ്ങിയ ആ കേസിലെ പ്രതികളുടെ ജാമ്യം റദ്ദാക്കാനുള്ള നടപടിയിലേക്കും പൊലീസ് കടന്നു.

Karamana Akhil murder; manin accuse arrested