രാജ്യത്തെ മുസ്ലിംകള്ക്ക് ബിജെപി എതിരല്ലെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിസ്വ ശര്‍മ. ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കുന്നവരെയും ശൈശവ വിവാഹം പ്രോല്‍സാഹിപ്പിക്കുന്നവരെയും തീവ്രവാദികളുമായി ബന്ധമുള്ളവരെയുമാണ് അകറ്റി നിര്‍ത്തുന്നതെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി എല്ലാ മുസ്ലിംകളുടേതും കൂടിയാണ്. പ്രധാനമന്ത്രി നടപ്പിലാക്കിയ ക്ഷേമപദ്ധതികളുടെ ഏറ്റവും വലിയ ഗുണഭോക്താക്കള്‍ മുസ്ലിംകളാണ്. എന്നാല്‍ രാജ്യത്തിന്‍റെ പരമാധികാരവുമായി ബന്ധപ്പെട്ട ചില വിഷയങ്ങള്‍ വരുമ്പോള്‍, ന്യൂനപക്ഷമാണെന്നത് കൊണ്ട് മാത്രം മുസ്ലിംകള്ക്ക് പ്രത്യേക പരിഗണന നല്‍കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യ ഒരു മതേതര രാഷ്ട്രമാണ്. അതു കൊണ്ട് തന്നെ ഏക വ്യക്തി നിയമം നടപ്പിലാക്കേണ്ടതുണ്ട്. കോണ്‍ഗ്രസ് ഭരണഘടനയെ നശിപ്പിക്കുകയാണെന്നും ഹിമന്ത ആരോപിച്ചു. വ്യക്തിനിയമത്തെ ബഹുമാനിക്കണമെന്നും അതിനെ സംരക്ഷിക്കണമെന്നുമാണ് പ്രകടന പത്രികയില്‍ കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ വ്യക്തി നിയമം പാടില്ലെന്നാണ് ഭരണഘടന പറയുന്നത്. അപ്പോള്‍ ഇത് ഗാന്ധിയുടെയും അംബേദ്കറുടെയും ഭരണഘടനയ്ക്ക് എതിരല്ലേയെന്ന ചോദ്യവും ഹിമന്ത ഉയര്‍ത്തുന്നു.
അടിസ്ഥാനപരമായി സംവരണം പട്ടികജാതി, പട്ടിക വര്‍ഗ, പിന്നാക്ക വിഭാഗങ്ങള്‍ക്കായി വിഭാവനം ചെയ്തിരിക്കുന്നതാണ്, അല്ലാതെ മുസ്ലിംകള്ക്കായുള്ളതല്ല. ജാതി സെന്‍സസിനെ പിന്താങ്ങില്ലെന്നും, ജാതി സെന്‍സസ് നടപ്പിലാക്കുമെന്ന് പറയുന്ന കോണ്‍ഗ്രസ് മുസ്ലിംകളുടെ കണക്കെടുക്കാന്‍ തയ്യാറാകണമെന്നും ഹിമന്ത വെല്ലുവിളിച്ചു. ജാതി സെന്‍സസിനായി രാഹുല്‍ ഉറച്ച് നില്‍ക്കുന്നുവെങ്കില്‍ ഹിന്ദുക്കളുടേത് മാത്രമല്ല, മുസ്ലിംകളുടേതും ക്രിസ്ത്യാനികളുടേതും മറ്റ് വിഭാഗങ്ങളുടേതും നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാഹുലിനെതിരെ കടുത്ത പരിഹാസമാണ് ഹിമന്ത ഉയര്‍ത്തിയത്. ആരാണ് ഈ രാഹുല്‍ ഗാന്ധി? എന്താണ് കോണ്‍ഗ്രസിലെ അദ്ദേഹത്തിന്‍റെ പദവി? പാര്‍ലമെന്‍റിലെ ചര്‍ച്ചയ്ക്ക് കോണ്‍ഗ്രസ് രാഹുലിന് സമയം നല്‍കിയോ? രാഹുലിന് സംസാരിക്കാനറിയില്ലെന്ന് അവര്‍ക്ക് വരെ അറിയാമെന്നും ഹിമന്ത പരിഹസിച്ചു.