kejriwal-arrest

ജാമ്യം തേടിയല്ല, മറിച്ച് തന്‍റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അരവിന്ദ് കേജ്രിവാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. കോടതി സ്വമേധയാ ഇടക്കാല ജാമ്യത്തിന് മുന്‍കയ്യെടുത്തുവെന്നതാണ് ഇവിടെ നിര്‍ണായകം. നിയമപരമായും രാഷ്ട്രീയമായും രാജ്യത്ത് ദൂരവ്യാപക സ്വാധീനമുണ്ടാക്കുന്നതാണ് ഇന്നലെയുണ്ടായ സുപ്രീം കോടതി വിധി.

മദ്യനയ അഴിമതി കേസില്‍ അറസ്റ്റിലായി 50 ദിവസമായി തിഹാര്‍ ജയിലില്‍ കഴിഞ്ഞിട്ടും ഒരിക്കല്‍ പോലും കേജ്രിവാള്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നില്ല. തന്‍റെ അറസ്റ്റിനെയാണ് എല്ലാ ഘട്ടത്തിലും കേജ്രിവാള്‍ ചോദ്യം ചെയ്തത്. വാദം നീണ്ടുപോയോപ്പോള്‍ സുപ്രീം കോടതി തന്നെ ജാമ്യത്തിനുള്ള സാധ്യത തുറന്നു. 

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഹര്‍ജിക്കാരന്‍റെ നിരപരാധിത്വം പ്രഥമദൃഷ്ട്യ കോടതിക്ക് ബോധ്യപ്പെട്ടാല്‍ മാത്രമേ ജാമ്യം അനുവദിക്കാവൂ. പിഎംഎല്‍എ കേസില്‍ ഒരിക്കല്‍ ജാമ്യം കിട്ടിയാല്‍ അത് വിചാരണയെയും സ്വാധീനിച്ചേക്കാം. സമാനമായ കേസില്‍ അറസ്റ്റിലായ ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ദ് സോറനും  തന്‍റെ അറസ്റ്റും റിമാന്‍ഡും നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. സോറന്‍റെ കേസ് തിങ്കളാാഴ്ച സുപ്രീം കോടതി പരിഗണിക്കാനിരിക്കയാണ്. 

അഭിഷേക് ബാനര്‍ജിയും നളിനി ചിദംബരവുമടക്കം രാഷ്ട്രീയ നേതാക്കള്‍ക്കെതിരായ കേസുകള്‍ തിരഞ്ഞെടുപ്പ് കഴിയും വരെ സുപ്രീംകോടതി മാറ്റി വച്ചിരിക്കുകയാണ്.  മദ്യനയ അഴിമതികേസില്‍ പ്രഥമദൃഷ്ട്യാ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി സഞ്ജയ് സിങ് എം.പിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരുന്നു.  അതേസമയം ഇതേ കേസില്‍ ആപ് നേതാക്കളായ മനീഷ് സിസോദിയയും സത്യേന്ദ്രജയിനും നേരത്തെ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ലഭിച്ചില്ല. 

Arvind Kejriwal questioned about his arrest rather demanding for bail.