ബിഎസ്പി അധ്യക്ഷ മായാവതി, അനന്തരവന്‍ ആകാശ് ആനന്ദിനെ പാര്‍ട്ടി ചുമതലകളില്‍നിന്ന് നീക്കിയതിന് കാരണമെന്താണ് ? ബിജെപിക്കെതിരായ പരിധിവിട്ട വാക്കുകളും സ്ഥാനാര്‍ഥികളെ ഇടയ്ക്കിടെ മാറ്റുന്നതുമാണ് 31കാരന്‍റെ കസേര തെറിപ്പിച്ചതെന്നാണ് വിവരം. തിരഞ്ഞെടുപ്പ് കാലത്ത് മായാവതിയെടുത്ത അപ്രതീക്ഷിത തീരുമാനത്തിന്‍റെ ഞെട്ടലിലാണ് സ്വന്തം പാര്‍ട്ടിക്കാര്‍ തന്നെ.
2023 ഡിസംബറിലാണ് മായാവതി തന്‍റെ ഇളയ സഹോദരന്‍ ആനന്ദ് കുമാറിന്‍റെ മകന്‍ ആകാശ് ആനന്ദിനെ രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ചത്. അഞ്ച് മാസങ്ങള്‍ക്കിപ്പുറം ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ മൂന്നാംഘട്ട പോളിങ് പൂര്‍ത്തിയായതിന് പിന്നാലെ ആകാശിനെ മാറ്റാന്‍ മായാവതി നിര്‍ബന്ധിതയായി. പക്വത ആർജിക്കുംവരെ എല്ലാ പദവികളിൽനിന്നും നീക്കുകയാണെന്ന് മായാവതി തന്നെയാണ് എക്സിലൂടെ അറിയിച്ചത്. പാർട്ടി ദേശീയ കോർഡിനേറ്റർ സ്ഥാനത്തുനിന്നാണ് ആനന്ദിനെ നീക്കിയത്. രാഷ്ട്രീയ പിൻഗാമിയായി ആകാശിനെ പ്രഖ്യാപിച്ചതും പിൻവലിച്ചു. പാർട്ടി താൽപര്യം മുൻനിർത്തിയാണ് തീരുമാനമെന്നും ആകാശിന്റെ പിതാവ് ആനന്ദ് കുമാർ പാർട്ടി പദവികളില്‍ തുടരുമെന്നും മായാവതി. കേന്ദ്രസര്‍ക്കാര്‍ ഭരണത്തെ അഫ്ഗാനിലെ താലിബാന്‍ ഭരണത്തോട് താരതമ്യം ചെയ്ത് ആകാശ് ആനന്ദ് പുലിവാല് പിടിച്ചിരുന്നു. യുപി സീതാപൂരിലെ വിവാദ പരാമര്‍ശത്തില്‍ ആകാശിനെതിരെയും ബിഎസ്പി സ്ഥാനാര്‍ഥിക്കെതിരെയും പൊലീസ് കേസെടുക്കുകയും ചെയ്തു. പ്രഖ്യാപിച്ച സ്ഥാനാര്‍ഥികളെ വീണ്ടും മാറ്റി ആകാശ് മായാവതിയുടെ അപ്രീതിക്ക് ഇരയായി. 31 വയസ്സില്‍ പൂര്‍ണ പക്വത ആര്‍ജിച്ചിട്ടില്ലെന്ന് മായാവതി പറയുന്ന ആകാശ് ആനന്ദ് പക്ഷേ,, ഉഗ്രന്‍ രാഷ്ട്രീയ പ്രസംഗങ്ങള്‍ക്കൊണ്ട് പാര്‍ട്ടിക്കാരെ പിടിച്ചിരുത്തുന്ന ആളാണ്.
What is the reason for removing akash anand from party duties