ലോക്സഭ തിരഞ്ഞെടുപ്പിന്‍റെ മൂന്നാംഘട്ട വോട്ടെടുപ്പില്‍ അഞ്ചുമണി വരെ 60 ശതമാനം പോളിങ്. പ്രധാനമന്ത്രിയടക്കം പ്രമുഖര്‍ വോട്ടു ചെയ്തു. ബംഗാളിലും യുപിയിലും വിവിധയിടങ്ങളില്‍ സംഘര്‍ഷമുണ്ടായി. പോളിങ് ശതമാനം കാലതാമസമില്ലാതെ പുറത്തുവിടുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷനുമേല്‍ സമ്മർദം ചെലുത്താന്‍ ഇന്ത്യ മുന്നണി തീരുമാനിച്ചു.
ബംഗാള്‍, അസ്സം, മധ്യപ്രദേശ് സംസ്ഥാനങ്ങളാണ് പോളിങ് ശതമാനത്തില്‍ മുന്നില്‍. പിന്നില്‍ മഹാരാഷ്ട്രയും. കേന്ദ്രമന്ത്രിയും ഗുണയിലെ ബിജെപി സ്ഥാനാര്‍ഥിയുമായ ജ്യോതിരാദിത്യ സിന്ധ്യ ശിവ്പുരിയിലും സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് സിഫിയിലും അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ ബാർപേട്ടയിലും വോട്ട് രേഖപ്പെടുത്തി. ബംഗാളിലെ ഉത്തര മാള്‍ഡയില്‍ പെട്രോള്‍ ബോംബാക്രമണമുണ്ടായി. മൂര്‍ഷിദാബാദില്‍ ടിഎംസിയും പൊലീസും സ്ഥാനാര്‍ഥിയായ തന്നെയും വോട്ടര്‍മാരെയും തടഞ്ഞതായി സിപിഎം സ്ഥാനാര്‍ഥി മുഹമ്മദ് സലിം ആരോപിച്ചു. തൃണമൂല്‍ പ്രവര്‍ത്തകര്‍ വോട്ടര്‍മാരെ ഭീഷണിപെടുത്തുന്നു എന്ന് ആരോപിച്ച് ബിജെപിയും ദൃശ്യങ്ങള്‍ പുറത്ത് വിട്ടു. മേഖലയിലേക്ക് വികസനമെത്തുനില്ലെന്ന് ആരോപിച്ച് മാള്‍ഡയിലെ സ്ത്രീകള്‍ തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് രാജ്ദൗല്‍ ബൂത്തിന് സമീപം പ്രതിഷേധിച്ചു. യു.പിയിലെ മെയിന്‍പുരിയില്‍ ബിജെപി പ്രവര്‍ത്തകരെയും നേതാക്കളെയും പൂട്ടിയിട്ടിരിക്കുയാണെന്നും സംഭാലില്‍ പൊലീസ് വോട്ടര്‍മാരെ മര്‍ദിച്ചെന്നും എസ്പി പരാതിപ്പെട്ടു.
ബിഹാറിലെ സുപൗളില്‍ പ്രിസൈഡിങ് ഓഫീസര്‍ ഹൃദയാഘാതം മൂലം മരിച്ചു. രാജ്യത്തെ 93 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. തിരഞ്ഞെടുപ്പിന് ശേഷം പോളിംഗ് ശതമാനം പുറത്തുവിടാന്‍ കാലതാമസം ഉണ്ടാകുന്നതും കണക്കുകളിലെ പൊരുത്തക്കേടും ഒഴിവാക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനുമേല്‍ സമ്മർദം ചെലുത്താനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം. സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കേണ്ടത് കടമയാണെന്ന് ഓര്‍മ്മിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ ഇന്ത്യ നേതാക്കള്‍ക്ക് കത്തയച്ചു.