• വാണിജ്യ സ്ഥാപനങ്ങള്‍ പരമാവധി ഉപയോഗം കുറയ്ക്കണം
  • 150 മെഗാവാട്ട് കുറയ്ക്കാനായാല്‍ ലോഡ്ഷെഡിങ് ഒഴിവാക്കാം
  • ലോഡ്ഷെഡിങ് വന്നാല്‍ കടമെടുപ്പും പ്രതിസന്ധിയിലാകും

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി നേരിടുന്നതിന് ലോഡ്ഷെഡിങിന് പകരം മേഖലതിരിച്ച് നിയന്ത്രണം ഏർപ്പെടുത്താന്‍ സാധ്യത. വൈദ്യുതി ബോര്‍ഡിന്റെ നിര്‍ദ്ദേശങ്ങള്‍  സര്‍ക്കാരിന് സമര്‍പ്പിച്ചു. അതേസമയം  ദേശീയതലത്തില്‍, യൂട്ടിലിറ്റി പെര്‍ഫോര്‍മെന്‍സ് റേറ്റിങില്‍ കേരളം പിന്നാക്കം പോകുമെന്നതും ,, ലോഡ്ഷെഡിങ് ഏര്‍പ്പെടുത്താത്തതിന് ഒരുകാരണമാണ്.  

 

ഇതരസംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി ലഭ്യമാണെങ്കിലും വിതരണലൈനുകളുടെയും ട്രാൻസ്ഫോമറുകളുടെയും  ശേഷി ഇലായ്മയാണ് ഇപ്പോഴത്തെ പ്രശ്നം. ഇത് പരിഹരിക്കാൻ കൂടിയതോതില്‍ വൈദ്യുതി ഉപഭോഗമുള്ള മേഖലകളിൽ വിതരണം നിർത്തി വയ്ക്കുകയാണ് ഒരുമാർഗം. ഇതെങ്ങനെവേണമെന്ന് തീരുമാനിച്ചിട്ടില്ല. ഇത്തരം പ്രദേശങ്ങൾ ഏറെയുള്ളത് കാസർകോട്, കണ്ണൂര്‍, മലപ്പുറം, പാലക്കാട്,ഇടുക്കി, ആലപ്പുഴ, കൊല്ലം ജില്ലകളിലാണ്. വാണിജ്യസ്ഥാപനങ്ങളോട് വൈദ്യുതി ഉപയോഗം പരമാവധി കുറയ്ക്കാന്‍ ആവശ്യപ്പെട്ടു. 

 

രാത്രി പമ്പിങ് ഒഴിവാക്കണം. ഇത്തരത്തില്‍ വൈദ്യുതി ഉപയോഗം 150 മെഗാവാട്ട് കുറയ്ക്കാനായാല്‍ ലോഡ്ഷെഡിങ് ഒഴിവാക്കാമെന്നാണ് കെഎസ്ഇബി അറിയിച്ചത്. രാത്രി പത്തിന് ശേഷം ഇരുപത് മിനിറ്റ്  ചാക്രിക ലോഡ്ഷെഡിങ് വേണമെന്നാണ് വൈദ്യുതി ബോര്‍ഡ് ഇന്നലത്തെ യോഗത്തില്‍ ആവശ്യപ്പെട്ടത്. എന്നാല്‍  സംസ്ഥാനത്തിന്റെ പൊതുസേവന പ്രകടന മൂല്യം അഥവാ യൂട്ടിലിറ്റി പെര്‍ഫോര്‍മെന്‍സ് റേറ്റിങ് ദേശീയതലത്തില്‍ കുറയുമെന്നതിനാലാണ് ലോഡ്ഷെഡിങ് എന്ന വാക്ക് ഉപയോഗിച്ചുകൊണ്ടുള്ള വൈദ്യുതി നിയന്ത്രണം ഒഴിവാക്കിയത്.

പ്രകടനമൂല്യം കുറഞ്ഞാല്‍ സംസ്ഥാനത്തിന്റെ കടമെടുപ്പിനെ വരെ ബാധിക്കാനിടയുണ്ട്. വൈദ്യുതി മേഖലയിലെ പരിഷ്കാരങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനം കേന്ദ്രത്തില്‍ നിന്ന് കടമെടുത്തിരുന്നു. ഇതിന്റെ ഭാഗമായാണ് ജല അതോറിറ്റിയുടെ കുടിശിക സര്‍ക്കാര്‍ ഏറ്റെടുത്തത്.

 

Zone Wise Regulation Instead Of Load Shedding; Electricity Board Awaiting Government Approval