അഴിമതിക്കാരെ വെളുപ്പിക്കുന്ന വാഷിങ് മെഷീന്‍ കോണ്‍ഗ്രസാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. അതിനാലാണ് അരവിന്ദ് കേജ്‌രിവാളിനെ വെളുപ്പിച്ചത്. ബിജെപിയുടെ വാഷിങ് മെഷീന്‍റെ ആദ്യ ഗുണഭോക്താവ് ഹിമന്തയാണെന്ന പ്രിയങ്ക ഗാന്ധിയുടെ പരാമര്‍ശമാണ് മുഖ്യമന്ത്രിയെ ചൊടിപ്പിച്ചത്. 

ഇന്ത്യാ സഖ്യം രൂപീകരിക്കും വരെ അരവിന്ദ് കേജ്‍രിവാളും ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസിന് വലിയ അഴിമതിക്കാര്‍, സഖ്യം രൂപീകരിച്ച് ഗ്രൂപ്പ് ഫോട്ടോ എടുത്തശേഷം ആപ്പ് രാജ്യത്തെ ഏറ്റവും നല്ല പാര്‍ട്ടിയായി മാറിയോ. അങ്ങനെ മാറിയെങ്കില്‍ കാരണം കോണ്‍ഗ്രിന്‍റെ വാഷിങ് മെഷീനാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. രാജ്യത്ത് നിലവിലുള്ള ഏറ്റവും വലിയ ഹൈ വോള്‍ട്ടേജ് വാഷിങ് മെഷീനുള്ളത് കോണ്‍ഗ്രസിനാണെന്നും ഹിമന്തയുടെ പരിഹാസം. കാലാവധി കഴിഞ്ഞ നേതാക്കളായി രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും മാറി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇരുവരെയും ആളുകള്‍ അറിയുക പോലുമില്ലെന്നും ഹിമന്ത.

ബിജെപി വികസിപ്പിച്ച വാഷിങ് മെഷീന്‍റെ ആദ്യ ഗുണഭോക്താവ് നിങ്ങളുടെ മുഖ്യമന്ത്രി ഹിമന്തയാണെന്ന് അസമില്‍ ലോക്സഭ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രിയങ്ക ഗാന്ധി പറഞ്ഞിരുന്നു.

Himanta biswa sarma about congress