കലാമൂല്യമുള്ള നിരവധി സിനിമകളുടെ നിര്‍മാതാവും ചലച്ചിത്ര അക്കാദമി മുൻ വൈസ് ചെയർമാനുമായ ഗാന്ധിമതി ബാലൻ തിരുവനന്തപുരത്ത് അന്തരിച്ചു. 66 വയസായിരുന്നു. സ്വകാര്യ ആശുപത്രിയിലുള്ള ഭൗതിക ദേഹം നാളെ പൊതുദര്‍ശനത്തിന് ശേഷം വൈകുന്നേരം തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിക്കും.

 

അസുഖത്തെത്തുര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഗാന്ധിമതി ബാലന്റെ വിയോഗമറിഞ്ഞ് ഒട്ടേറപ്പേര്‍ ആശുപത്രിയിലെത്തി. നാളെ രാവിലെ വഴുക്കാട്ടെ വീട്ടിലെത്തിക്കും. സിനിമാ നിര്‍മാണവും ഒരുകലാപ്രവര്‍ത്തനമാണെന്ന് തെളിയിച്ചയാളാണ് ഗാന്ധിമതി ബാലന്‍. മലയാള സിനിമാസ്വാദനത്തിന്റെ രീതിതന്നെ മാറ്റിമറിച്ച ആദാമിന്റെ വാലിയെല്ല്, പഞ്ചവടിപ്പാലം, ഇരകള്‍ തുടങ്ങിയ കെ.ജി.ജോര്‍ജ് ചിത്രങ്ങള്‍ ,  മൂന്നാംപക്കം, തൂവാനത്തുമ്പികള്‍, നൊമ്പരത്തിപ്പൂവ് തുടങ്ങിയ പത്മരാജന്‍ ചിത്രങ്ങള്‍ തുടങ്ങിയവയൊക്കെ ഉദാഹരണങ്ങള്‍. 

 

1982 ല്‍ ഇത്തിരി നേരം ഒത്തിരി കാര്യം എന്ന സിനിമ നിര്‍മിച്ചുകൊണ്ടാണ് തുടക്കം. സുഖമോദേവി, ഈ തണുത്ത വെളുപ്പാൻ കാലത്ത്,പത്താംമുദയം ,മണിവത്തൂരിലെ ആയിരം ശിവരാത്രികൾ തുടങ്ങി മുപ്പത്തിലേറെ  ചിത്രങ്ങളുടെ നിർമാണവും വിതരണവും നിർവഹിച്ചു.വാണിജ്യവിജയം മാത്രം ലക്ഷ്യമിടാതെ, കലാമൂല്യത്തിന് പ്രാധാന്യമുള്ള ചലച്ചിത്രങ്ങൾ നിർമിച്ച് വിജയിച്ച അപൂർവം നിർമാതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം.പത്തനംതിട്ട ഇലന്തൂർ കാപ്പിൽ തറവാട് അംഗമാണ്. നാല്‍പ്പതുവര്‍ഷമായി തിരുവനന്തപുരമായിരുന്നു പ്രവർത്തന മേഖല. 

 

അടുത്തസുഹൃത്ത് പത്മരാജന്റെ ആകസ്മിക മരണം സിനിമയിൽ നിന്ന് പിൻവാങ്ങാൻ ഒരു കാരണമായി. മികച്ച സംഘാടകന്‍ കൂടിയായി അദ്ദേഹം 2015ദേശീയ ഗെയിംസ് ചീഫ് ഓർഗനൈസർ ആയിരുന്നു. അഭിനേതാക്കളുടെ സംഘടനയായ അമ്മ രൂപീകരിക്കുന്നതിന് നേതൃത്വം നൽകിയ ബാലൻ അമ്മ ഷോ എന്ന പേരിൽ നിരവധി താരനിശകൾ സംഘടിപ്പിച്ചിട്ടുണ്ട്. ഗാന്ധിമതി എന്നത് ബാലന്റെ അമ്മയ്ക്ക് മഹാത്മാ ഗാന്ധി നൽകിയ പേരായിരുന്നു. അമ്മയുടെ പേര് സ്വന്തം പേരിനു മുന്നിൽ ചേർത്ത് വലിയൊരു ബ്രാൻഡ് ആക്കിമാറ്റി. 63ാം വയസിൽ ആലിബൈ എന്ന പേരിൽ സൈബർ ഫോറെൻസിക് സ്റ്റാർട്ട്അപ്പ് കമ്പനി സ്ഥാപിച്ച് രാജ്യത്തെ പല കുറ്റാന്വേഷണ ഏജൻസികൾക്കും സൈബർ ഇന്റലിജൻസ് സേവനം നൽകുന്ന സ്ഥാപനമായി  വളർത്തി. ഭാര്യ - അനിത ബാലൻ. ആലിബൈ സൈബർ ഫോറെൻസിക്സ് ഫൗണ്ടർ ഡയറക്ടർ സൗമ്യ ബാലൻ,  അനന്ത പത്മനാഭൻ എന്നിവര്‍ മക്കളാണ് . കെ.എം.ശ്യാം അൽക്ക നാരായൺ എന്നിവര്‍ മരുമക്കളും.

 

പത്മരാജന്റേയും ഗാന്ധിമതി ബാലന്റേയും ഒപ്പം സിനിമകള്‍ ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമായാണ് താന്‍ കരുതുന്നതെന്ന് മോഹന്‍ലാല്‍. മലയാള സിനിമയുടെ സുവര്‍ണകാലഘട്ടമായിരുന്നു അത്. സിനിമയ്ക്കപ്പുറമുള്ള വ്യക്തിബന്ധം ഗാന്ധിമതി ബാലനുമായി ഉണ്ടായിരുന്നെന്നും മോഹന്‍ലാല്‍ അനുസ്മരിച്ചു. 

 

ശക്തമായ സിനിമകളുണ്ടാകണമെന്ന് മാത്രം ആഗ്രഹിച്ച് സിനിമകള്‍ നിര്‍മിച്ച വ്യക്തിയാണ് ഗാന്ധിമതിബാലനെന്ന് സംവിധായകന്‍ ബ്ലസി അനുസ്മരിച്ചു.  

കച്ചവട താല്‍പര്യങ്ങള്‍ക്കപ്പുറം കലാ മൂല്യത്തിന് പ്രാധാന്യം നല്‍കിയാണ് ഗാന്ധിമതി ബാലന്‍ സിനിമയെ സമീപിച്ചതെന്ന് നടന്‍ അശോകന്‍ പറഞ്ഞു. പ്രിയപ്പെട്ട സുഹൃത്തിനെയാണ് നഷ്ടമായതെന്ന് മുന്‍ ഡിജിപിയും ഗാനരചയിതാവുമായ ടോമിന്‍ തച്ചങ്കരി പറഞ്ഞു. 

Gandhimati Balan passed away