സംസ്ഥാനം ചുട്ടുപൊള്ളുകയാണ്. ഇന്നലെ പാലക്കാട് രേഖപ്പെടുത്തിയത് 41.5 ഡിഗ്രി. മൂന്ന് ദിവസമായി 40 ഡിഗ്രിക്ക് മുകളിലാണ് താപനില. പാലക്കാടിന് പൊള്ളുമ്പോള്‍ പ്രധാന ജല ഉറവിടമായ മലമ്പുഴ ഡാമിന്റെ ജലനിരപ്പും ക്രമാതീതമായി താഴ്ന്നു. മഴമേഘങ്ങള്‍ കനിഞ്ഞില്ലെങ്കില്‍ കുടിവെള്ള വിതരണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ നേരിടുന്ന കടുത്ത പ്രതിസന്ധിയെന്ന് വിലയിരുത്തല്‍.
ഇരുകരകളും മുട്ടിയുരുമ്മി ജലനിരപ്പുണ്ടായിരുന്ന കാലം മറന്നു. ഓരോ ദിവസം കഴിയുന്തോറും അടിത്തട്ട് കൂടുതല്‍ തെളിഞ്ഞ് കൊണ്ടേയിരിക്കുന്നു. പാലക്കാടന്‍ ചൂട് പൊള്ളിക്കുന്നത് മനുഷ്യനെ മാത്രമല്ല. കുടിവെള്ള ഉറവിടമായ മലമ്പുഴയുടെ വൃഷ്ടി പ്രദേശത്തേക്കുള്ള കൈവഴികളെക്കൂടിയാണ്. അടുത്തിടെയൊന്നും മലമ്പുഴ ഇത്ര മെലിഞ്ഞിട്ടില്ലെന്ന് അനുഭവസ്ഥര്‍.
ഈ മട്ടില്‍ കാലാവസ്ഥ തുടര്‍ന്നാല്‍ നഗരത്തിലേക്കുള്ള കുടിവെള്ള വിതരണവും പ്രതിസന്ധിയിലാവും. 35.19 ദശലക്ഷം ഘനമീറ്റര്‍ വെള്ളം മാത്രമാണ് ഡാമില്‍ ശേഷിക്കുന്നത്. ഒരു നഗരസഭയും ആറ് പഞ്ചായത്തും കുടിവെള്ളത്തിന് ആശ്രയിക്കുന്നതും മലമ്പുഴയെയാണ്. മാസം 2.5 ദശലക്ഷം ഘനമീറ്റര്‍ വെള്ളം വിതരണം ചെയ്യേണ്ടി വരും. ഈ അളവ് കണക്കാക്കിയാല്‍ ദാഹജലത്തിന് പോലും മറ്റ് വഴികള്‍ തേടേണ്ടി വരുമെന്ന മുന്നറിയിപ്പാണുള്ളത്. വേനല്‍ മഴ വരും. ജലനിരപ്പുയരും. ഈ പ്രതീക്ഷ യാഥാര്‍ഥ്യമായേ മതിയാവൂ.
Intense heat, Kerala burning; Palakkad to face extreme drought in coming days,