അരുണാചല്‍ പ്രദേശിലെ മലയാളികളുടെ മരണത്തിന് പിന്നില്‍ അന്യഗ്രഹജീവിതത്തേക്കുറിച്ചുള്ള വിചിത്രവിശ്വാസമെന്നതിന് കൂടുതല്‍ തെളിവുകള്‍. നവീനിന്റെ കാറില്‍ നിന്ന് അന്യഗ്രഹജീവികളുടേത് പോലുള്ള ചിത്രങ്ങളും ക്രിസ്റ്റലുകളും കത്തികളും കണ്ടെടുത്തു. ഡോണ്‍ ബോസ്കോ എന്ന പേരില്‍ ആര്യയ്ക്ക് ഇമെയിലുകള്‍ അയച്ചത് നവീന്‍ തന്നെയെന്നും പൊലീസിന് സൂചന ലഭിച്ചു.
നവീനിന്റെ കാര്‍ തിരുവനന്തപുരം വിമാനത്താവളത്തിലെ പാര്‍ക്കിങ് കേന്ദ്രത്തില്‍ ഉപേക്ഷിച്ചിട്ടായിരുന്നു നവീനും ദേവിയും ആര്യയും അരുണാചല്‍ പ്രദേശിലേക്ക് പോയത്. ആ കാറില്‍ നിന്നാണ് ചെറിയ കത്തികള്‍, അന്യഗ്രഹ ജീവികളുടേതുപോലുള്ള ചിത്രങ്ങള്‍, വിവിധ രൂപങ്ങളിലുള്ള ക്രിസ്റ്റലുകള്‍ എന്നിവ ലഭിച്ചത്. ഈ മൂന്ന് കാര്യങ്ങളേക്കുറിച്ചും പൊലീസ് വീണ്ടെടുത്ത ആര്യയുടെ ഇമെയില്‍ സംഭാഷണങ്ങളിലുമുണ്ട്. ഇമെയില്‍ സംഭാഷണങ്ങള്‍ 2021ലേതാണ്. 2021 ല്‍ തുടങ്ങി അവസാനം വരെ അതേ വിചിത്രവിശ്വാസം ഇവര്‍ പിന്തുടര്‍ന്നൂവെന്ന് ഉറപ്പിക്കാവുന്നതാണ് അവസാനയാത്രക്ക് ഉപയോഗിച്ച കാറിലെ തെളിവുകളെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
മരിക്കാന്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്നതിന്റെ സൂചനയായാണ് കത്തികളെ കാണുന്നത്. വിമാനത്തില്‍ കൊണ്ടുപോകാന്‍ സാധിക്കാത്തതുകൊണ്ടാവാം അവ കാറില്‍ ഉപേക്ഷിച്ചതെന്നും സംശയിക്കുന്നു. പിന്നീട് ബ്േളഡ് ഉപയോഗിച്ച് കൈഞരമ്പ് മുറിച്ചാണ് മൂവരും മരിച്ചത്. ആര്യയോട് വിചിത്രവിശ്വാസത്തേക്കുറിച്ച് ഇമെയിലുകള്‍ അയച്ചത് ഡോണ്‍ബോസ്കോ എന്ന പേരിലുള്ള ഐ.ഡിയില്‍ നിന്നാണ്. ഇത് നവീന്റെ വ്യാജ ഐ.ഡിയെന്നാണ് ഗൂഗളില്‍ നിന്ന് അനൗദ്യോഗികമായി ലഭിച്ച വിവരം. നാളെ പൂര്‍ണ റിപ്പോര്‍ട്ട് ലഭിക്കും. അങ്ങിനെയെങ്കില്‍ നവീന്‍ തന്നെയാണ് ഭാര്യയായ ദേവിയെയും ഭാര്യയുടെ ആത്മസുഹൃത്തായ ആര്യയേയും വിചിത്രവിശ്വാസത്തിലേക്ക് നയിച്ചതും മരണത്തിന് പ്രേരിപ്പിച്ചതെന്നുമാണ് പൊലീസിന്റെ നിഗമനം.
Deaths of Keralites in Arunachal hotel: 'black magic' mystery