അന്വേഷണ ഏജന്‍സികളെ ഭയന്നാണ് മമത ബാനര്‍ജി ഇന്ത്യ മുന്നണി വിട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. തൃണമൂല്‍ –ബിജെപി ധാരണയുണ്ടെന്നും അധീര്‍ രഞ്ജന്‍ ആരോപിച്ചു. ബംഗാളിലെ കോണ്‍ഗ്രസും സിപിഎമ്മും തൃണമൂല്‍ ക്രൂരതയുടെ ഇരകളാണെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു.
ബംഗാളിൽ തൃണമൂൽ കോൺഗ്രസുമായി ധാരണയുണ്ടാക്കാൻ ഹൈക്കമാൻഡ് താൽപര്യപ്പെട്ടപ്പോഴും സീറ്റുകളുടെ എണ്ണത്തിൽ മമതക്കു മുൻപിൽ മുട്ടുമടക്കാൻ അധീര്‍ രഞ്ജൻ ചൗധരി തയാറല്ലായിരുന്നു. മമത ബാനര്‍ജിക്ക് അന്വേഷണ ഏജന്‍സികളെ ഭയമാണെന്ന് അധീര്‍ രഞ്ജന്‍ മനോരമ ന്യൂസിനോട് പറഞ്ഞു. ജയിലില്‍ക്കിടന്നും ഇന്ത്യ മുന്നണിക്കൊപ്പം നില്‍ക്കുന്ന കേജ്രിവാളിന്‍റെ ധൈര്യം മമതക്കില്ലെന്നും അധീര്‍ രഞ്ജൻ.
തന്നെ ഏതുവിധേനയും തോല്‍പ്പിക്കാനാണ് യൂസഫ് പഠാനെപ്പോലൊരു സെലിബ്രിറ്റിയെ തൃണമൂല്‍ രംഗത്തിറക്കുന്നത്. ന്യൂനപക്ഷ വോട്ടുകൾ വിഭജിക്കുകയാണ് ലക്ഷ്യം. സിപിഎമ്മുമായി തിരഞ്ഞെടുപ്പ് ധാരണയുണ്ടാക്കിയതില്‍ തെറ്റില്ലെന്നും കേരളത്തിലെയും ബംഗാളിലെയും സ്ഥിതി വ്യത്യസ്ഥമാണെന്നും അദ്ദേഹം പറഞ്ഞു. ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും തൃണമൂൽ ക്രൂരതകളുടെ ഇരകളാണെന്ന് അധിര്‍ രഞ്ജന്‍ ചൂണ്ടിക്കാട്ടുന്നു.
Adhir Ranjan Chowdhury against Mamata Banerjee