sidarth-pinarayi-3

 

സിദ്ധാര്‍ഥന്റെ മരണം സി.ബി.ഐയ്ക്ക് വിടുന്നതില്‍  കാലതാമസമുണ്ടായതില്‍ ആഭ്യന്തര സെക്രട്ടറിയോട് വിശദീകരണംതേടി മുഖ്യമന്ത്രി. പ്രൊഫോമറിപ്പോര്‍ട്ട് വൈകിയത് എന്തുകൊണ്ടെന്ന് പരിശോധിക്കണം. വൈകിയെങ്കില്‍ അതിന് ഉത്തരവാദി ആരെന്ന് കണ്ടെത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. സിദ്ധാര്‍ഥന്റെ മരണം സി.ബി.ഐയ്ക്ക് വിടുന്നതിലെ കാലതാമസത്തില്‍ ആഭ്യന്തരവകുപ്പിലെ മൂന്ന് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യാന്‍ ശുപാര്‍ശ. പ്രൊഫോമ റിപ്പോര്‍ട്ട് വൈകിപ്പിച്ചത് ഇവരുടെ വീഴ്ചയെന്ന് റിപ്പോര്‍ട്ട്. സിബിഐ അന്വേഷണത്തിന് റിപ്പോര്‍ട്ട് കൈമാറിയില്ലെന്ന വാര്‍ത്ത പുറത്തുവിട്ടത് മനോരമ ന്യൂസാണ്.

 

സി.ബി.ഐ. അന്വേഷണം പ്രഖ്യാപിച്ച് 17 ദിവസം പിന്നിട്ടിട്ടും കേസിന്റെ പൂര്‍ണവിവരമുള്ള പ്രൊഫോമ റിപ്പോര്‍ട്ട് സര്‍ക്കാര്‍ കൈമാറിയില്ലെന്ന വിവരം ഇന്നലെയാണ് പുറത്തറിയുന്നത്. പ്രൊഫോമ റിപ്പോര്‍ട്ട് പരിശോധിച്ചശേഷമാണ് കേസ് ഏറ്റെടുക്കണമോ എന്ന് സി.ബി.ഐ തീരുമാനിക്കുക. അതേസമയം,നടപടി വൈകിയാൽ സമരം തുടങ്ങുമെന്നും മുഖ്യമന്ത്രിയെ ഇനി കാണാൻ ആഗ്രഹിക്കുന്നില്ലെന്നും സിദ്ധാർഥന്റെ പിതാവ് ജയപ്രകാശ് പറഞ്ഞു. 

 

എസ് എഫ് ഐ വഴി സർക്കാർ പ്രതിക്കൂട്ടിൽ ആയിരിക്കുന്ന കേസിൽ മനപ്പൂർവ്വം എന്ന് കരുതാവുന്ന ഗുരുതര വീഴ്ചയാണ് മുഖ്യമന്ത്രി നിയന്ത്രിക്കുന്ന ആഭ്യന്തര വകുപ്പിൽ ഉണ്ടായിരിക്കുന്നത്. അന്വേഷണം സിബിഐക്ക് കൈമാറാനുള്ള വിജ്ഞാപനം ഇറങ്ങിയത് മാർച്ച് ഒൻപതിനാണ്. 16ന് അത് കേന്ദ്ര പേഴ്സണൽ മന്ത്രാലയത്തിന് കൈമാറുകയും ചെയ്തു. വിജ്ഞാപനത്തിനൊപ്പം കേസിന്റെ തുടക്കം മുതൽ ഇതുവരെയുള്ള അന്വേഷണ പുരോഗതി വിവരിക്കുന്ന പെർഫോമ റിപ്പോർട്ടും കൈമാറേണ്ടതുണ്ട്.ഇതു പരിശോധിച്ചാണ് കേസ് ഏറ്റെടുക്കണോയെന്ന് സിബിഐ തീരുമാനിക്കുക. 17 ദിവസം കഴിഞ്ഞിട്ടും ആ പെർഫോമര്‍ റിപ്പോർട്ട് കൈമാറിയില്ല. റിപ്പോർട്ട് തയ്യാറാക്കി തരാൻ ആഭ്യന്തര സെക്രട്ടറിയുടെ ഓഫീസിൽ നിന്ന് ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും നൽകാത്തതാണ് വീഴ്ചയായത്. ഇന്നലെ സിദ്ധാർത്ഥന്റെ കുടുംബം ആരോപണവുമായി രംഗത്തെത്തിയപ്പോളാണ് ഈ വീഴ്ച ആഭ്യന്തര വകുപ്പ് അറിയുന്നത്.  ഇന്നലെ കേന്ദ്രമന്ത്രി രാജി ചന്ദ്രശേഖരനെയും ഗവർണറെയും കണ്ട സിദ്ധാർത്ഥന്റെ കുടുംബം ഇന്ന് പ്രതിപക്ഷ നേതാവിനെയും കണ്ട് സഹായം തേടി. പ്രതിപക്ഷത്തെ വിശ്വാസമുണ്ടെന്ന് പറഞ്ഞ് അദ്ദേഹം ഭരണപക്ഷത്തുള്ളവരെ ഇനി കാണാൻ ആഗ്രഹിക്കുന്നില്ല എന്ന് വ്യക്തമാക്കി.

 

കുടുംബത്തോടൊപ്പം സമരത്തിനും തയ്യാറാകും എന്നാണ് പ്രതിപക്ഷ നിലപാട്. കുടുബവും പ്രതിപക്ഷവും സമരമുന്നറിയിപ്പ് നല്‍കിയതോടെ സര്‍ക്കാര്‍ തിരുത്തല്‍ നടപടി തുടങ്ങി. തിടുക്കപ്പെട്ട് റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കി , പൊലീസ് ആസ്ഥാനത്തെ സ്പെഷല്‍ സെല്‍ ഡിവൈഎസ്പി ശ്രീകാന്ത് ഡല്‍ഹിക്ക് തിരിച്ചു. നാളെ സിബിഐ ആസ്ഥാനത്തെത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും.